ചിത്ര പ്രദര്‍ശനം, വിരുന്ന് എല്ലാം ഗംഭീരം: പക്ഷെ ഉടുതുണി അതൊട്ടും തന്നെ ഇല്ല...!
തിങ്കള്‍, 30 മാര്‍ച്ച് 2015 (16:19 IST)
കലാ പ്രദര്‍ശനം നടത്തുമ്പോള്‍ കലാകരാനും കലയും, ആസ്വാദകരും തമ്മില്‍ ഒരുമറയുമില്ലാതിരിക്കണം, എന്നാല്‍ മാത്രമേ കല ആസ്വദിക്കാന്‍ കഴിയു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജയിംസ് ട്യൂറലിന്റെ കലാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉടുതുണിപോലും മറയാണത്രെ. അതുകൊണ്ട് തുണിയുടുക്കാതെ പ്രദര്‍ശനം കണ്ടെങ്കില്‍ മാത്രമേ കലാ ആസ്വാദനം പൂര്‍ണമാവുകയുള്ളൂ എന്നാണ് ജയിംസ് ട്യൂറലിന്റെ വാദം.
വാദമെന്തെങ്കിലുമായിക്കൊട്ടെ ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള നാഷണല്‍ ആര്‍ട് ഗാലറിയില്‍ ട്യൂറലിന്റെ കലാസൃഷ്ടികള്‍ ഉടുതുണിയില്ലാതെ ആസ്വദിക്കാനായി ടിക്കറ്റെടുത്തവരുടെ എണ്ണം അറിഞ്ഞ് അദ്ദേഹം തന്നെ ഞെട്ടിയിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. ഇതിനകം പ്രദര്‍ശനത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്ന് ഗാലറിയുടെ സംഘാടകര്‍ പറയുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമാണ് പ്രവേശനം. പ്രദര്‍ശനം കണ്ടശേഷം നഗ്നരായി നിന്ന് ഒരു വിരുന്നില്‍ പങ്കെടുക്കുവാനും അവസരമുണ്ട്.
മൂന്ന് ദിവസങ്ങളിലും ഓരോ ഷോ വീതമാണ് ഉള്ളത്. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചരയ്ക്കും പിറ്റേന്ന് രാവിലെ ഏഴിനും. ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴരയ്ക്കും പ്രദര്‍ശനമുണ്ട്. കലയെ നഗ്നരായി കാണാനാഗ്രഹിക്കുന്ന ആള്‍ക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രദര്‍ശനം കൂടുതല്‍ ദിവസത്തേക്കു കൂടി നീട്ടീവയ്ക്കാന്‍ സംഘാടകര്‍ അലോചിക്കുന്നുമുണ്ട്. ട്യൂറലിന്റെ സൃഷ്ടികളെ മനസ്സിലാക്കാന്‍ കാന്‍ബറയില്‍ വിഖ്യാത ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് സ്റ്റിയുവര്‍ട്ട് റിങ്‌ഹോള്‍ട്ട് ആസ്വാദകരെ സഹായിക്കും. അദ്ദേഹവും ഉടുതുണിയില്ലാതെയാകും ആസ്വാദകര്‍ക്കൊപ്പം നീങ്ങുക. മുമ്പ് ജപ്പാനിലും ട്യൂറലിന്റെ പ്രദര്‍ശനം ഈ രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.