രാത്രി നദിയിൽ വെള്ളമടിയും പാർട്ടിയുമായി ആഘോഷം നടത്തിയ അമേരിക്കൻ സംഘം രാവിലെ കണ്ണു തുറന്നപ്പോൾ ഞെട്ടിത്തരിച്ചിരുന്നു. കാരണം വേറൊന്നുമല്ല, കാനഡയിലെ പ്രഭാതമായിരുന്നു അവർ കണികണ്ടത്. സംസ്ഥാനം മാത്രമല്ല, രാജ്യം തന്നെ മാറിയതറിഞ്ഞ് അമ്പരപ്പിലായിരുന്നു അമേരിക്കൻ സംഘം. സെന്റ് റോയൽ നദിയിൽ ഞായറാഴ്ച വെകിട്ടായിരുന്നു സംഭവം. അമേരിക്കയിലെ മിഷിഗണിനും കാനഡയിലെ ഓന്റാറിയോയ്ക്കും നടുവിലൂടെ ഒഴുകുന്ന നദിയാണ് സെന്റ് റോയൽ.
പോർട്ട് ഹുറോൺ ഫ്ടോട്ട് ഡൗൺ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു അമേരിക്കൻ സംഘം. ഏകദേശം 1500 പേരായിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത്. എല്ലാ വർഷവും നടക്കുന്ന പാർട്ടിയാണിത്. അതിനാൽ തന്നെ ആളുകളും കൂടുതലായിരുന്നു. മദ്യസത്കാരവും ഡാൻസുമായി ചങ്ങാടത്തിലും ട്യൂബുകളിലും ഇവർ പാർട്ടി ആഘോഷിച്ചു. ഇതിനിടയിൽ ഉറക്കവും. പ്രതീക്ഷിക്കാതെ വീശിയ കാറ്റിൽ ചങ്ങാടവും ട്യൂബും അതിർത്തി വിട്ട് നീന്തി. ഉറക്കത്തിനിടയി ആരും ഒന്നും അറിഞ്ഞില്ല.
രാവിലെ കണ്ണു തുറക്കുമ്പോൾ മുന്നിൽ കനേഡിയൻ കോസ്റ്റ് ഗാർഡ്. കയ്യിൽ പാസ്പോർട്ട് ഇല്ലല്ലോ എന്നോർത്തവർ തിരികെ സ്വന്തം രാജ്യത്തേക്ക് നീന്താൻ ശ്രമിച്ചു. എന്നാൽ എല്ലാവരേയും കരയിലേക്ക് പിടിച്ചു കയറ്റിയ കാനഡക്കാർ പാസ്പോർട്ട് ഇല്ലാത്തത് കാര്യമാക്കിയില്ല. എല്ലാവരേയും സ്വന്തം നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടു. തിരികെ നാട്ടിലെത്തിയവരാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. കാനഡക്കാർക്ക് നന്ദി അറിയിക്കാനും ഇവർ മറന്നില്ല.