അപകടത്തില്‍ പരിക്കേറ്റ യുവതി റോഡില്‍ കിടന്ന് ഇംഗ്ലിഷ് പഠിച്ചു

വ്യാഴം, 8 മെയ് 2014 (11:56 IST)
ചെറിയ പനി വന്നാല്‍ പോലും സ്കൂളില്‍ പോകാന്‍ മടിക്കുന്ന നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ കണ്ടുപഠിക്കണം ഈ ചൈനീസുകാരിയെ. മെയ്ഡ് ഇന്‍ ചൈന എന്ന് പലതിനേയും നമ്മള്‍ കളിയാക്കാറുണ്ട്. എന്നാല്‍ യുവതിയുടെ പ്രവര്‍ത്തിക്ക് മെയ്ഡ് ഇന്‍ ചൈന എന്ന് പറഞ്ഞ് കളിയാക്കാന്‍ വരട്ടെ.

എന്താണ് സംഭവമെന്നറിയാമോ അപകടത്തില്‍ പരിക്കേറ്റ് പൊരിവെയിലത്ത് റോഡില്‍ അസഹനീയമായ വേദനയും സഹിച്ച്  കിടക്കവെ ബെയ്ജിംഗില്‍ പതിനെട്ടുകാരി 107 ഇംഗ്ലീഷ് വാക്കുകളാണ് പഠിച്ചെടുത്തത്. വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരി വാങ് ഡഫാനാണ്  സംഭവത്തിലെ നായിക.

സ്കൂട്ടറില്‍പോവുകയായിരുന്ന യുവതി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. വേദന കാരണം എഴുനേല്‍ക്കാന്‍ കഴിയാതെ കിടന്നപ്പോഴാണ് വെറുതെ സമുയം കളയേണ്ട എന്നു കരുതി യുവതി തന്റെ കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഡിക്‌ഷണറി ഉപയോഗിച്ച് പുതിയ 107 ഇംഗ്ളീഷ് വാക്കുകള്‍ പഠിച്ചത്.

അപകട വിവരമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് ബോധം കെട്ടോ നിലവിളിച്ചു കൊണ്ടൊ കിടക്കേണ്ട ആള്‍ പഠിച്ചുകോണ്ടു കിടക്കുന്നത് കണ്ട് അന്തംവിട്ടു.  അപ്പോഴേക്കും ആമ്പുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലാക്കി.

ആംബുലന്‍സ് എത്തുംവരെ സമയം വെറുതെ കളയണ്ട എന്നുകരുതിയാണ് താന്‍ പഠിക്കാന്‍ തീരുമാനിച്ചതെന്നും വേദന കുറയ്ക്കാന്‍ ഏറ്റവുംനല്ലവഴി ഇംഗ്ളീഷ് പഠനമാണെന്നും വാക്കുകള്‍ പഠിക്കാന്‍ തുടങ്ങിയതോടെ വേദന  മറന്നുതുടങ്ങിയതായും യുവതി പറഞ്ഞു.

തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റെങ്കിലും യുവതിയുടെ നില  അത്രഗുരുതരമല്ല. ജീവിതം വളരെ നൈമിഷികമാണ്.വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അപകടം തന്നെ പഠിപ്പിച്ചു എന്നാണ് യുവതി സംഭവത്തെപ്പറ്റി പ്രതികരിച്ചത്.

ഇപ്പോള്‍ ബീജിംഗിലെ ഒരുകോളേജിലാണ് വാങ് പഠിക്കുന്നത്. ഒാക്സ്‌ഫോര്‍ഡിലോ കേംബ്രിഡ് ജിലോ ആയിരിക്കണം ഉന്നതവിദ്യാഭ്യാസം എന്നാണ് വാങിന്റെ ആഗ്രഹം.ചികിത്സയ്ക്കുശേഷം വാങ് ആശുപത്രിവിട്ടു.

വെബ്ദുനിയ വായിക്കുക