കാസ്ട്രോയെ കൊല്ലാന്‍ അമേരിക്ക ശ്രമിച്ചത് 638 തവണ; മയക്കുമരുന്ന് മുതല്‍ വസ്ത്രത്തില്‍ വിഷം നിറയ്ക്കല്‍ വരെ

ശനി, 26 നവം‌ബര്‍ 2016 (14:24 IST)
ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്‌ട്രോ ഓമ്മയായതോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ആറു പ്രാവശ്യം ക്യൂബയുടെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഓര്‍മ്മയാകുമ്പോള്‍ ചരിത്രമാകുന്നത് ഇരുപതാം നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പോരാട്ടമാണ്.
 
അമേരിക്കയ്ക്ക് തലവേദനയായിരുന്ന ഫിഡല്‍ കാസ്ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ  ശ്രമിച്ചത് ഒന്നും രണ്ടും തവണയല്ല 638 തവണയാണ്. എന്നാല്‍, കാസ്ട്രോയെ വധിക്കാന്‍ കോപ്പു കൂട്ടിയവര്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനു ശേഷമാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഫിഡല്‍ കാസ്ട്രോ വിട പറഞ്ഞത്.
 
വിഷ ഗുളികകള്‍, വിഷമയമുള്ള ചുരുട്ട് തുടങ്ങി കാസ്ട്രോയെ വധിക്കാന്‍ എതിരാളികള്‍ ഒരുക്കിയത് പല തരത്തിലുള്ള ചതിയുടെ വഴികള്‍ ആയിരുന്നു. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയും ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവരും ആയിരുന്നു ഫിഡല്‍ കാസട്രോയെ വധിക്കാന്‍ തക്കം പാര്‍ത്തിരുന്നത്. എന്നാല്‍, ഇവര്‍ക്കൊന്നും കാസ്ടോയുടെ മേല്‍ മരണത്തിന്റെ തണുത്ത പുതപ്പ് പുതപ്പിക്കാന്‍ കഴിഞ്ഞില്ല.
 
കാസ്ട്രോയുടെ ജീവിതത്തിനിടയില്‍ അദ്ദേഹത്തിനെതിരായ വധശ്രമങ്ങളുടെ എണ്ണം 638 ആണ്. കാസ്ട്രോയ്ക്കെതിരായ വധശ്രമങ്ങളെ ചാനല്‍ 4 പിന്നീട് ഡോക്യുമെന്ററിയാക്കി. ‘ഫിഡല്‍ കാസ്ട്രോയെ വധിക്കുന്നതിനുള്ള 638 വഴികള്‍’ എന്നായിരുന്നു ഡോക്യുമെന്ററിയുടെ പേര്.
 
1959ലെ വിപ്ലവത്തിനു ശേഷമായിരുന്നു കാസ്ട്രോയെ വധിക്കാന്‍ പദ്ധതികള്‍ ഉണ്ടായത്. ബാറ്റിസ്റ്റയെ പരാജയപ്പെടുത്തി ഫിഡല്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് ആയതോടെ ആയിരുന്നു ഇത്. നീന്തല്‍ക്കുപ്പായത്തില്‍ ത്വക്ക് രോഗത്തിനു കാരണമാകുന്ന ഫംഗസ് നിറച്ചു, ചുരുട്ടില്‍ വിഷം നിറച്ചു, മുന്‍കാമുകിയുടെ കൈയില്‍ വിഷഗുളികകള്‍ നല്കിയതു തുടങ്ങി വ്യത്യസ്തവും ദുരൂഹവുമായ മാര്‍ഗങ്ങള്‍ എതിരാളികള്‍ കാസ്ട്രോയെ വധിക്കാന്‍ വേണ്ടി ഉപയോഗിച്ചു.
 
എന്നാല്‍, തനിക്കെതിരെയുള്ള വധശ്രമങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി കണ്ടു. മുന്‍കാമുകി തന്റെ അടുത്ത് എത്തിയപ്പോള്‍, അത് തന്നെ വധിക്കാനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ പിസ്റ്റള്‍ എടുത്ത അവരുടെ കൈയില്‍ അദ്ദേഹം കൊടുത്തു, എന്നാല്‍ തനിക്ക് ഫിഡലിനെ കൊല്ലാനാവില്ല എന്ന് പറഞ്ഞ് അവര്‍ പിന്മാറുകയായിരുന്നു.
 
2000ത്തിലാണ് ഏറ്റവും വലിയ വധശ്രമം നടന്നത്. പനാമ സന്ദര്‍ശിക്കുന്നതിനിടയില്‍ കാസ്ട്രോ പ്രസംഗിക്കേണ്ടിയിരുന്ന പ്രസംഗപീഡത്തിനു താഴെ 90 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. കാസ്ട്രോയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയും പദ്ധതി നിര്‍വീര്യമാക്കുകയുമായിരുന്നു. സംഭവത്തില്‍ നാലുപേരെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക