ഭീഷണി വേണ്ടെന്ന് ഇറാന്‍

വെള്ളി, 2 ഏപ്രില്‍ 2010 (18:28 IST)
ആണവപദ്ധതിയുടെ പേരില്‍ ഇറാ‍നെ ഭീഷണിപ്പെടുത്തുന്നത് പാശ്ചാത്യശക്തികള്‍ നിര്‍ത്തണമെന്ന് ഇറാന്‍റെ ആണവ പ്രതിനിധി സയീദ് ജലീലി പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീണ്ടുനില്‍ക്കില്ലെന്നും സയീ‍ദ് ജലീ‍ലി പറഞ്ഞു. ബീജിംഗിലെത്തിയ അദ്ദേഹം ചൈനീസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ശക്തമാക്കാനായി യു‌എസിന്‍റെ നേതൃത്വത്തില്‍ ചൈനയുടെ പിന്തുണ തേടിയ സാഹചര്യത്തിലാണ് സയീദ് ജലീലിയുടെ പ്രതികരണം. ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീണ്ടുനില്‍ക്കില്ലെന്ന കാര്യം ചൈനയ്ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വഴിയിലൂടെ ഇറാനെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഷഡ്കക്ഷി രാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകള്‍ അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാശ്ചാത്യശക്തികളുടെ ഭാഗത്ത് നിന്നും ഇത്തരം സംസാരങ്ങളും സമ്മര്‍ദ്ദങ്ങളും തുടരുകയാണെങ്കില്‍ ചര്‍ച്ചകള്‍ ഒരിക്കലും വിജയിക്കില്ലെന്നും ഒരു വന്‍ ശക്തിയായതിനാല്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതില്‍ ചൈനയ്ക്ക് മുഖ്യപങ്കുവഹിക്കാനാകുമെന്നും ജലീലി കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് ജിയേച്ചിയുമായും സ്റ്റേറ്റ് കൌണ്‍സിലര്‍ ഡെയ് ബ്രിഗ്ഗാവോയുമായും ജലീലി കൂടിക്കാഴ്ച നടത്തി. നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക