തെരഞ്ഞെടുപ്പ്: യുഎസ് ഇടപെടണമെന്ന് പിപിപി

ബുധന്‍, 23 ജനുവരി 2008 (11:56 IST)
ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ നീതി ഉറപ്പാക്കാന്‍ അമേരിക്ക ഇടപെടണം എന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നതില്‍ വീഴ്ച വന്നാല്‍ അത് സ്വീകരിക്കില്ല എന്നും പാര്‍ട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വീഴ്ച വന്നാല്‍ അത് വിപരീതമായ പരിണിത ഫലമുണ്ടാക്കുമെന്ന് അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍മാനും ആയ അസിഫ് അലി സര്‍ദാരി യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിന് എഴുതിയ കത്തില്‍ പറയുന്നു.

ബേനസീറീന്‍റെ മരണത്തില്‍ യുഎന്‍ അന്വേഷണം വേണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തെ അമേരിക്ക പിന്തുണയ്ക്കണമെന്നും സര്‍ദാരി ആവശ്യപ്പെട്ടു. ഭൂട്ടോയുടെ കൊലപാതകത്തിനെ കുറിച്ചുള്ള അന്വേഷണത്തില്‍ സ്കോട്‌ലന്‍റ് യാര്‍ഡിന്‍റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയും ആവശ്യമാണെന്ന് സര്‍ദാരിയുടെ കത്തില്‍ പറയുന്നു.

ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അമേരിക്കയും അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങളും നിരീക്ഷകരെ അയയ്ക്കണം. അഭിപ്രായ സര്‍‌വേകള്‍ക്കും നിരീക്ഷകരുടെ സന്ദര്‍ശനത്തിനും തടസ്സങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തണം എന്നും സര്‍ദാരി ആവശ്യപ്പെടുന്നു.

പാകിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനായി അമേരിക്ക “ശക്തമായ സന്ദേശം” നല്‍കണമെന്നും സര്‍ദാരി ആവശ്യപ്പെടുന്നു.


വെബ്ദുനിയ വായിക്കുക