ഇത് എന്‍റെ ഹൃദയം തകര്‍ക്കുന്നു: മലാല

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (21:06 IST)
പാകിസ്ഥാനില്‍ അക്ഷരമുറ്റത്ത് നടന്ന കൂട്ടക്കുരുതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രവാദി ആക്രമണത്തില്‍ 130 പേര്‍ മരിച്ചപ്പോള്‍ 126 പേരും വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ക്കുനേരെയുള്ള യുദ്ധത്തിലൂടെ ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ ചെയ്തിയാണ് പാക് താലിബാന്‍ സ്വന്തം ക്രെഡിറ്റ് ബുക്കില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
 
'ഈ സംഭവം എന്‍റെ ഹൃദയം തകര്‍ക്കുകയാണ്' എന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പ്രതികരിച്ചു. "സമാനകളില്ലാത്ത ആക്രമണമാണിത്. തീര്‍ത്തും കണ്ണില്‍ച്ചോരയില്ലാത്ത ചെയ്തി. ഈ അരുംകൊല എന്‍റെ ഹൃദയത്തെ തകര്‍ത്തിരിക്കുന്നു" - മലാല പറഞ്ഞു.
 
സമാനമായ രീതിയില്‍ 2012ല്‍ സ്വാത്തില്‍ സ്‌കൂളിനുനേര്‍ക്ക് നടന്ന ആക്രമണത്തിലാണ് മലാലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്ന് തലയ്ക്ക് വെടിയേറ്റ മലാല ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.
 
പെഷാവറിലെ ആക്രമണത്തില്‍ 250ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമായതുകൊണ്ടുതന്നെ മരണസംഖ്യ ഉയരുമെന്നും സൂചനയുണ്ട്. 15 സ്ഫോടനങ്ങളാണ് സ്കൂളിലും പരിസരത്തുമായി ഉണ്ടായത്.

വെബ്ദുനിയ വായിക്കുക