അടുക്കള ഒഴിവാക്കിക്കൊണ്ടുള്ള വീടിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനെ ആവില്ല. മനോഹരമായ അടുക്കളയും അവിടെ നിര്‍മ്മിക്കു ന്ന രുചികരമായ ഭക്ഷണവുമെല്ലാം മനുഷ്യന്‍റെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കും.
മനുഷ്യന്‍റെ ആരോഗ്യകരമായ ജീവിതത്തെപ്പോലും അടുക്കളകള്‍ സ്വാധീനിക്കുന്നു. വൃത്തിഹീനമായ അടുക്കളകള്‍ രോഗങ്ങള്‍ വരുത്തിവയ്ക്കുന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ.
അല്‍പ്പം മനസ്സു വച്ചാല്‍ അടുക്കളകള്‍ മനോഹരമാക്കാവുന്നതേയുള്ളൂ. നിരന്തരമായ പാചകവും പുകയുമെല്ലാം അടുക്കളയെ മലിനമാക്കുന്നു. ഇതിനു പുറമെ അടുക്കളയിലെ സന്തത സഹചാരികളായ ഉറുമ്പുകളും പാറ്റകളുംമെല്ലാം ചേരുമ്പോള്‍ അടുക്കളകള്‍ വൃത്തിഹീനമായില്ലെങ്കിലെ അത്ഭുതമുള്ളൂ.
അല്‍പം വിനാഗരി ചേര്‍ത്ത വെള്ളം കൊണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ തുടച്ചാല്‍ അടുക്കളയില്‍ നിീന്ന് ദുര്‍ഗന്ധം ഉണ്ടാകില്ല. ഇതിനു പുറമെ അടുക്കള എല്ലാ ദിവസവും അടിച്ചു വാരാന്‍ ശ്രദ്ധിക്കണം. പച്ചക്കറിയുടെയും മറ്റും അവശിഷ്ടങ്ങ്ളള്‍ അടുക്കളയില്‍ കിടക്കുന്നത് ഒഴിവാക്കണം.
മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി. മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.
ചിമ്മിനിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുകക്കറ മാറ്റാനും വിദ്യയുണ്ട്. ഒരു ഗാലന്‍ വെള്ളത്തില്‍ ഒരു കപ്പ് ട്രൈസോഡിയം ഫോസ്ഫേറ്റിട്ടിളക്കിയ മിശ്രിതം കൊണ്ട് ചിമ്മിനി കഴുകിയാല്‍ പുകക്കറ പൂര്‍ണ്ണമായി മാറിക്കിട്ടും. കൈയുറ ധരിച്ച് മാത്രമെ മിശ്രിതം കൈകാര്യം ചെയ്യാവൂ.
അടുക്കളയിലെ പുകയും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ പരന്ന പാത്രത്തില്‍ കറുവാപ്പട്ടയിട്ട് ചൂടാക്കിയാല്‍ മതി. ഒരു വീട്ടില്‍ ഏറ്റവും വേഗത്തില്‍ മാലിന്യം നിറയുന്ന സ്ഥലമാണ് അടുക്കളയെന്നതിനാല്‍ ഇടയ്ക്കിടെ അടുക്കള വൃത്തിയായി കഴുകാന്‍ മറക്കരുത്. ശ്രദ്ധിച്ചാല്‍ മനോഹരവും വൃത്തിയുള്ളതുമായ അടുക്കള സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.