നിങ്ങളുടെ വീട് സുഗന്ധ പൂരിതമാക്കാന്‍ ആഗ്രഹിക്കുന്നില്ലേ? എത്ര അടുക്കും ചിട്ടയും ഉണ്ടെങ്കിലും അരോചകമായ ഗന്ധമാണ് എതിരേല്‍ക്കുന്നതെങ്കില്‍ വീട്ടിലേക്ക് കയറാന്‍ തന്നെ മടുപ്പ് തോന്നിയേക്കാം.
കുറച്ച് ശ്രദ്ധ നല്‍കിയാല്‍ വീട് സുഗന്ധ വാഹിയായ ഒരു ആരാമം തന്നെ ആക്കി മാറ്റാം. തൂത്ത് വാരലും പൊടി തുടയ്ക്കലും ഏറ്റവും പ്രധാനമായതും നിശ്ചമായും ചെയ്യേണ്ട കാര്യമാണ് . ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തറ സുഗന്ധമുള്ള അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
വീടിനുള്ളില്‍ വായു കെട്ടിനിന്നാല്‍ അത് അസഹ്യതയുണ്ടാക്കുമെന്ന് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും. അതിനാല്‍ ദിവസവും വാതിലുകളും ജനലുകളും തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പ് വരുത്തുക.
ഫര്‍ണിച്ചര്‍ വിരികളും കവറുകളും മാസത്തില്‍ രണ്ട് തവണ കഴുകുന്നത് നിങ്ങളുടെ സ്വീകരണ മുറിയില്‍ വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കും. കര്‍ട്ടനുകള്‍ സ്ഥിരമായി ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. മാറിമാറി ഉപയോഗിക്കുന്നത് മാനസികാഹ്ലാദം ഉണ്ടാക്കുന്നതിനൊപ്പം കഴുകാനുള്ള അവസരം കൂടി നല്‍കുന്നു.
വീട്ടില്‍ അരോചകമായ ഗന്ധം അനുഭപ്പെടുന്നു എങ്കില്‍ ഒരു ടീ സ്പൂണ്‍ വിനാഗിരി വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധത്തില്‍ അരോചകമായ മറ്റെല്ലാ ഗന്ധങ്ങളും മാറുന്നത് കാണാം. ഇതേപോലെ, കറുവാപ്പട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചാലും മതിയാവും.
ഭിത്തിയില്‍ തൂക്കിയിടാവുന്നതരം ഇന്‍സ്റ്റന്‍റ് സുഗന്ധ വസ്തുക്കള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. എന്നാല്‍ പ്ലഗ്ഗ് ചെയ്യാന്‍ സാധിക്കുന്നവ വീട്ടിലെ മറ്റു മുറികളില്‍ ഉപയോഗിക്കാം.