ഏഷ്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍ യാത്ര എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാരാജ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ അടുത്തുതന്നെ ഇന്ത്യയില്‍ ഓടിത്തുടങ്ങും. ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ ചെലവാകും. തുടക്കത്തില്‍ മുംബൈ - ദല്‍ഹി, ദല്‍ഹി - കൊല്‍ക്കൊത്ത റൂട്ടുകളിലാണ് മഹാരാജ ട്രെയിന്‍ ഓടിത്തുടങ്ങുക.
ഏഷ്യയിലെ ഏറ്റവും ചെലവേറിയ യാത്ര ഓഫര്‍ ചെയ്യുന്ന മഹാരാജാ ട്രെയിനിന്റെ പരീക്ഷണാര്‍ത്ഥ ഓട്ടം ഡിസംബര്‍ മാസത്തില്‍ നടക്കും. തുടര്‍ന്ന് ജനുവരി മാസത്തോടെ മുംബൈ - ദല്‍ഹി സേവനം ആരംഭിക്കും. വിദേശികളെയും സമ്പന്നരായ സ്വദേശികളെയുമാണ് മഹാരാജ ഉന്നംവയ്ക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ഡയറക്‌ടറായ ആര്‍ ടാണ്ടനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഐആര്‍സിടിസിയും കോക്സ് ആന്‍ഡ് കിംഗ്സ് എന്ന സ്വകാര്യ കമ്പനിയും ഒരുമിച്ചാണ് ഈ ചെലവേറിയ സേവനം കൊണ്ടുവരുന്നത്.
മഹാരാജാ എക്സ്പ്രസില്‍ ഒരു ദിവസം യാത്ര ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 800 ഡോളരാണ്. അതായത് ഏകദേശം 38,056 രൂപ. ഏറ്റവും കൂടിയ നിരക്ക് 2500 ഡോളറാണ്. ഇത് ഏകദേശം 1,18,925 രൂപയാകും. മഹാരാജയില്‍ പ്രസിഡെന്‍ഷ്യല്‍ സ്യൂട്ട് (1,18,925 രൂപ), സ്യൂട്ട് (66,598 രൂപ), ഡീലക്സ് കാബിന്‍ (42,813 രൂപ), ജൂനിയര്‍ സ്യൂട്ട് (38,056 രൂപ) എന്നിങ്ങനെ നാല് കാരേജുകളാണ് ഉണ്ടാവുക. ഒപ്പം രണ്ട് റെസ്റ്ററന്റുകളും (ഹവേലി, പീകോക്ക്) ഒരു ബാറും (മാസാന്‍) മഹാരാജയില്‍ ഉണ്ടായിരിക്കും. ഇതിന്റെ മേല്‍നോട്ടം ഒരു വന്‍ ഹോട്ടല്‍ ശൃംഖലയ്ക്കായിരിക്കും എന്നറിയുന്നു.
ഒരു 7 സ്റ്റാര്‍ ഹോട്ടലില്‍ ഉള്ള എല്ലാ സൌകര്യങ്ങളും മഹാരാജാ എക്സ്പ്രസില്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെ കലാസാംസ്കാരിക രൂപങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ കാണും. പരിസ്ഥിതി സൌഹൃദ ബാത്ത്‌റൂമുകള്‍, ടിവി, ഇന്റര്‍നെറ്റ്, സിനിമ കാണുന്നതിനുള്ള സൌകര്യം, ടെലിഫോണ്‍, എസി എന്നിവയൊക്കെ ഇതില്‍ ഉണ്ടായിരിക്കും.
മൊത്തം ഇരുപത്തിമൂന്ന് എസി കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക. തുടക്ക സ്റ്റേഷനില്‍ നിന്ന് ലക്‌ഷ്യസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏഴ് പകലും ആറ് രാത്രിയും ആകും. മഹാരാജാ എക്സ്പ്രസിന് വന്‍ വേരവേല്‍പാണ് ലഭിക്കുന്നത്. റെയില്‍വേയുടെ ഈ സംരംഭം വന്‍ വിജയമാകുമെന്ന് കരുതപ്പെടുന്നു.
ജനുവരി ഒന്‍പതാം തീയതി മുംബൈ ഛത്രപതി ശിവജി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വഡോദര, ഉദയ്‌പൂര്‍, ജോധ്‌പൂര്‍, ബിക്കാനിര്‍, ജെയ്‌പൂര്‍, രന്തംബോര്‍, ആഗ്രാ എന്നീ റൂട്ടുകളിലൂടെ ഡല്‍ഹി സ്റ്റേഷനിലെത്തും. ജനുവരി 17-ന് മുംബൈയില്‍ തിരിച്ചെത്തുകയും ചെയ്യും. മുംബൈ - ദല്‍ഹി യാത്രയ്ക്ക് ‘പിന്‍സ്‌ലി ഇന്ത്യാ ജേണി’ എന്നാണ് പേര്. തിരിച്ചുള്ള യാത്രയ്ക്ക് ‘റോയല്‍ ഇന്ത്യാ ടൂര്‍’ എന്നും.
ദല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ടെയിന്‍ ആഗ്ര, ഗ്വാളിയോര്‍, ഗജുരാഹോ, വാരാണസി എന്നീ റൂട്ടുകളിലൂടെ സഞ്ചരിച്ച് കൊല്‍ക്കൊത്താ സ്റ്റേഷനില്‍ എത്തും. ദല്‍ഹി - കൊല്‍ക്കൊത്താ യാത്രയ്ക്ക് ‘ക്ലാസിക് ഇന്ത്യാ ജേണി’ എന്നും തിരിച്ചുള്ള യാത്രയ്ക്ക് ‘സെലസിയല്‍ ഇന്ത്യാ ടൂര്‍’ എന്നും പേരിട്ടിരിക്കുന്നു. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച വരെ മാസങ്ങളിലാണ് മഹാരാജാ എക്സ്പ്രസ് ഓടിക്കുക ബാക്കിയുള്ള സമയങ്ങളില്‍ ഈ ട്രെയിന്‍ വാടകയ്ക്ക് നല്‍കുമെന്നും അറിയുന്നു.
എല്ലാം ഇന്ത്യക്ക് അഭിമാനിക്കാവുന്ന സംഗതികള്‍ തന്നെ. എന്നാല്‍ മഹാരാജാ എക്സ്പ്രസിന്റെ യാത്രാപരിധിയില്‍ എന്തുകൊണ്ട് ദക്ഷിണേന്ത്യയില്ല? കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വസിക്കുന്നവര്‍ പിച്ചക്കാരാണെന്ന് ഇന്ത്യന്‍ റെയില്‍വേ ധരിച്ചുവശായോ, എന്തോ?