കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയക്ക് നിറമാര്‍ന്ന തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലചിത്ര നടന്‍ കമലഹാസന്‍ ദീപം തെളിച്ചതോടെയാണ് എട്ടു രാവും പകലും നീളുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമായത്.
തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കമല്‍ഹാസന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. തന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ ആദ്യ നാളുകള്‍ ചിലവഴിച്ച നാട്ടില്‍ ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്തില്‍ സന്തോഷമുണ്ടെന്നും കമല്‍ പറഞ്ഞു.
പ്രശസ്ത ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റില്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മേളയുടെ കാറ്റലോഗ് നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു കെ എസ് എഫ് ഡി സി ചെയര്‍മാന്‍ കെ ജി ജോര്‍ജ് ആദ്യപ്രതി ഏറ്റുവാങ്ങി.
മലയാള ചലചിത്ര രംഗത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ പത്ത് മുതിര്‍ന്ന ചലചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ എം പി, തിരുവനന്തപുരം മേയര്‍ സി ജയന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ചലചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷണന്‍, നസറുദ്ദിന്‍ ഷാ തുടങ്ങിയവര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.