നീലംപേരൂര്‍ പടയണിയുടെ ചരിത്രം

PROPRO
ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിലാണ് ആദ്യം പടയണി തുടങ്ങുക. കന്നിയിലെ പൂരം നാളില്‍. ചിങ്ങമാസത്തിലെ അവിട്ടം മുതല്‍ ആരംഭിച്ച്‌ കന്നിയിലെ പൂരം നാളില്‍ തീരത്തക്ക വിധം പതിനാറു ദിവസത്തെ ചടങ്ങുകളാണ്‌ പൂരം പടയണിക്കുള്ളത്‌. പള്ളിഭഗവതിയുടെ തിരുമുറ്റത്താണ്‌പടയണിയും അന്നക്കെട്ടും ഒരുങ്ങുന്നത്‌.

എന്നാല്‍ ഇത് പടയണിയാണോ കെട്ടുകാഴ്ചയാണോ എന്ന സംശയം ഇന്നും നിലനില്‍ക്കുന്നു.നീലമ്പേരൂരിലേത് ബുദ്ധമതക്ഷേത്രമായിരുന്നെന്നും, അതുകൊണ്ടാണ് അതീനെ പള്ളി ഭഗവതി ക്ഷേത്രം എന്നു വിളിക്കുന്നതെന്നും പക്ഷാന്തരമുണ്ട്.നീലംപേരൂര്‍ ക്ഷേത്രത്തിന് പള്ളി ഭഗവതി ക്ഷേത്രം എന്നാണ്‌ പേര്‍‌. പള്ളി എന്ന ഈ പദം ബുദ്ധമത സംസ്കാരത്തില്‍നിന്നു കേരളത്തിന്‌ ലഭിച്ചതാണ്‌.

കേരളം വാണ ചേരമാന്‍ പെരുമാളിന്‍റെ കാലത്ത്‌ നടത്തിയിരുന്ന അന്നക്കെട്ട്‌ (കെട്ടുകാഴ്‌ച) പല രൂപമാറ്റങ്ങളിലൂടെ ഇന്നു കാണുന്ന, കലാഭംഗി നിറഞ്ഞ പൂരംപടയണിയായി മാറുകയായിരുന്നു എന്നാണ് പ്രബലമായ വിശ്വാസം. നീലംപേരൂര്‍ ഭഗവതിക്ക്‌ സമര്‍പ്പിക്കുന്ന പടയണി, കലയുടെയും, ഭക്‌തിയുടെയും മെയ്‌ വഴക്കിന്‍റെയും നിദര്‍ശനമാണ്‌.

ബുദ്ധമത സംസ്കാരത്തിന്‍റെയും ഹിന്ദുമത സംസ്കാരതത്തിന്‍റെയും മേളനമാണ്‌ നീലംപേരൂര്‍ പൂരം പടയണി. നീലംപേരൂര്‍ പടയണി ആരംഭിച്ചത്‌ പെരുമാളിന്‍റെ വരവു പ്രമാണിച്ചാണെന്നൊരു ഐതിഹ്യമുണ്ട്‌. പെരുമാളിനോട്‌ പടയണി തുടങ്ങാന്‍ അനുജ്ഞ വാങ്ങുന്ന ചടങ്ങ്‌ ഇന്നും നിലനില്‍ക്കുന്നു.

ചേരമാന്‍ പെരുമാള്‍ ഒരു നാള്‍ തിരുവഞ്ചിക്കുളത്തു നിന്നും കായല്‍ വഴി വള്ളത്തില്‍ സഞ്ചരിച്ചു വരുമ്പോള്‍ നീലംപേരൂര്‍ പ്രദേശത്തിന്‍റെ ഭൂപ്രകൃതി കണ്ട്‌ ആകൃഷ്ടനായി. . ഗ്രാമത്തില്‍ കൊട്ടാരം പണികഴിപ്പിച്ച്‌ അവിടെ താമസമാക്കി.


പെരുമാള്‍ തന്‍റെ ഉപാസനാമൂര്‍ത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കുദര്‍ശനമായി ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്‌ഠിച്ചു.

ചേരമാന്‍ പെരുമാളിന്‌ 'പള്ളിവാണ പെരുമാള്‍ എന്നും പേരുണ്ടായിരുന്നു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാല്‍ ക്ഷേത്രത്തിന്‌ "പള്ളിഭഗവതി ക്ഷേത്രമെന്ന്‌ പേരിട്ടു. കലാപ്രകടനങ്ങള്‍ കണ്ടാസ്വദിക്കാന്‍ പെരുമാള്‍ കൊട്ടാര മാളികയില്‍ എഴുന്നള്ളിയിരുന്നു. പടയണി ആരംഭിച്ചത്‌ ഇതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് എന്നാണ്‌ വിശ്വാസം.
ഒരുകാലത്ത്‌ കേരളത്തില്‍ ശക്‌തമായിരുന്ന ബുദ്ധമതം നീലംപേരൂര്‍, കിളിരൂര്‍ പ്രദേശങ്ങളില്‍ വലുതായ സ്വാധീനം ചെലുത്തിയിരുന്നു. നീലംപേരൂര്‍, കിളിരൂര്‍ ക്ഷേത്രങ്ങള്‍ ഈ നിഗമനത്തിന്‌ ചരിത്രപരമായ തെളിവുകള്‍ നല്‍കുന്നു. ബുദ്ധമതം സ്വീകരിച്ച പെരുമാളുമായി ബന്ധപ്പെട്ട ഈ രണ്ടു ക്ഷേത്രങ്ങള്‍പോലെ മറ്റൊരു ക്ഷേത്രവും കേരളത്തിലില്ല.

പള്ളി ബാണപ്പെരുമാളെന്ന രാജാവ്‌ മതം മാറിയശേഷം തന്‍റെ ആസ്ഥാനമായ തിരുവഞ്ചിക്കുളത്തു ( കൊടുങ്ങല്ലൂര്‍) നിന്നു വിട്ട്‌ കോട്ടയം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളില്‍ യാത്രചെയ്തിരുന്നു ഒടുവില്‍ നീലംപേരൂര്‍വച്ച്‌ അദ്ദേഹം ഒരു ബുദ്ധമത സന്യാസിയായി ദേഹത്യാഗം ചെയ്തു.

ആ പെരുമാളാണ്‌ നീലംപേരൂരെയും കിളിരൂരിലേയും പ്രതിഷ്‌ഠകള്‍ നടത്തിയത് എന്നാണ് മറ്റൊരു വിശ്വാസം. നീലംപേരൂര്‍ ക്ഷേത്രത്തിനു മുന്‍വശമുള്ള മതിലിനു പുറത്തുണ്ടായിരുന്ന മാളിക പള്ളി ബാണപ്പെരുമാളുടെ ശവകുടീരമായിരുന്നുവത്രെ.

വെബ്ദുനിയ വായിക്കുക