കേരളം പിറന്നാളാഘോഷത്തില്‍

വ്യാഴം, 1 നവം‌ബര്‍ 2012 (11:01 IST)
PRO
നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിച്ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് കേരളം പിറവിയെടുത്തു. ഇന്ന് നമ്മുടെ കേരളത്തിന് 56 വയസ് തികയുന്നു. ഭാരതത്തിന്‍റെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തിന് ഈ ജന്‍മദിനത്തില്‍ ഒരു സമ്മാനവും ലഭിച്ചു. ഒരു മലയാളം സര്‍വകലാശാല. നമ്മുടെ ഭാഷയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പുതിയ ചുവടുവയ്പാണ് തുഞ്ചന്‍‌മണ്ണിലെ ഈ വിദ്യാകേന്ദ്രം.

കേരളത്തിന്‍റെ ഉല്‍പത്തിയെക്കുറിച്ച് ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്:

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു(മഴു)വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോരയുദ്ധം നടത്തി അവരെ വധിച്ച് നാട്ടില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തി,

പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ ‘പരശു' എറിഞ്ഞ് ഭൂമി എടുത്തുകൊളളാന്‍ പറഞ്ഞു. അങ്ങനെ അറബിക്കടലില്‍ പരശുരാമന്‍ പരശു എറിഞ്ഞുണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നത് രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ട് പല കഥകളും. കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്ന അര്‍ത്ഥം വരുന്നു എന്നും, അതല്ല തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ട് ചേരളം എന്നത് പിന്നീട് കേരളം ആയതാണ് എന്നുമൊക്കെ കഥകളുണ്ട്.

എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം. മലയെ ആളുന്നവരുടെ മൊഴിയാണിത്. അതുകൊണ്ടുതന്നെ എക്കാലവും ജ്വലിച്ചുനില്‍ക്കുന്ന ഭാഷയും പൈതൃകവുമാണ് നമുക്ക് അവകാശപ്പെടാനുള്ളത്.

വെബ്ദുനിയ വായിക്കുക