ഉറങ്ങുമ്പോള്‍ നമ്മളെല്ലാം വിശ്രമത്തിന്റെ അവസ്ഥയിലേക്ക് പോകുന്നു. എന്നാല്‍ ചിലരുടെ ഉറക്കം ചുറ്റുമുള്ളവരുടെ ഉറക്കത്തെ ശല്യപ്പെടുത്താറുണ്ട്. ശരീരത്തിലെ ചില പ്രത്യേകതകള്‍ മൂലമാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. ചിലരില്‍ ഇത് മറ്റുള്ളവരുടെ ഉറക്കത്തെ നശിപ്പിക്കുന്ന തരത്തില്‍ വലിയ രീതിയില്‍ ഉണ്ടാകാറുണ്ട്. ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സമാണ് കൂര്‍ക്കംവലിക്ക് കാരണം.
ഉറക്കസമയത്ത് തൊണ്ടയിലെ പേശികള്‍ ദുര്‍ബലമാകുന്നു. ഇതോടെ വായുവിന് ശരിയായി കടന്ന് പോകാന്‍ കഴിയാതെ വരുന്നു. ഇതാണ് അസ്വാഭാവികമായ ശബ്ദം ഉണ്ടാകുന്നതിന് കാരണമാകുന്നു. ചിലരില്‍ ജനിക്കുമ്പോള്‍ മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറും കൂര്‍ക്കം വലിക്ക് കാരണമാകറുണ്ട്. ചില പൊടിക്കൈകള്‍ കൊണ്ട് കൂര്‍ക്കം വലിയുടെ തീവ്രത നമുക്ക് തന്നെ കുറയ്ക്കാന്‍ സാധിക്കും. ഇതിനായി തലയിണകളുടെ ഉപയോഗം ഒഴിവാക്കാം. കൂടാതെ ചെരിഞ്ഞു കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം 2 മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമെ ഉറങ്ങാന്‍ പാടുള്ളതുള്ളു. കൂടുതല്‍ തീവ്രമായ പ്രശ്‌നമായി കൂര്‍ക്കം വലി അനുഭവപ്പെടുന്നവര്‍ ഒരു ആരോഗ്യവിദഗ്ധനെ പരിശോധിപ്പിക്കേണ്ടതാണ്.