താരനാണ് മുടികൊഴിച്ചിലിനുളള പ്രധാന കാരണം. ശിരോചര്‍മത്തിന്റെ വൃത്തിയില്ലായ്മ മൂലമാണ് പലപ്പോഴും താരനുണ്ടാകുന്നത്. ചര്‍മം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ അളവ് കൂടിയാലും കുറഞ്ഞാലും താരനുണ്ടാവാം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നതും തലയില്‍ എണ്ണ തേച്ചിട്ട് കഴുകിക്കളയാതിരിക്കുന്നതും താരനു കാരണമാകാം. ഇവ രണ്ടും ചര്‍മത്തിലെ എണ്ണമയത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്ന കാരണങ്ങളാണ്. മുടി കൊഴിച്ചില്‍ തടയാന്‍ പ്രധാനമായും ചെയ്യേണ്ടത് ശിരോചര്‍മം വൃത്തിയായി നിലനിര്‍ത്തി താരനെ അകറ്റുക എന്നതാണ്.
മറ്റൊരു പ്രധാന കാരണം നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ പോഷകാംശത്തിന്റെ കുറവാണ്. മുടിക്ക് ആവശ്യമായ പ്രധാന പോഷകം പ്രോട്ടീന്‍ ആണ്. മുട്ടവെളള, പയര്‍ വര്‍ഗങ്ങള്‍, സോയാ തുടങ്ങിയവ മുടിക്കു ഗുണം ചെയ്യും. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, വാഴപ്പഴം പോലുളള പഴങ്ങളും വാല്‍നട്ട് പോലുളള നട്ട്‌സുമൊക്കെ മുടിക്ക് കരുത്തേകുന്ന ആഹാരവസ്തുക്കളാണ്. ഭക്ഷണത്തിലെ അമിതമായ ഉപ്പ്, എരിവ്, പുളി എന്നിവ ക്രമീകരിക്കുന്നതും ഗുണം ചെയ്യും. കൂടാതെ ധാരാളം വെളളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കുളിച്ചു കഴിഞ്ഞ് ഉടന്‍ നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. ആ സമയത്ത് ശിരോചര്‍മം വളരെ മൃദുവായിരിക്കും. അപ്പോള്‍ മുടി ചീകുന്നത് മുടിയുടെ ഇലാസ്തികത നഷ്ടപ്പെടാനും മുടി ഊരിവരാനും കാരണമായേക്കാം. മുടിയിലെ കെട്ടുകള്‍ കളയുന്നത് വിരലുകളോ അകന്ന പല്ലുളള ചീര്‍പ്പോ ഉപയോഗിച്ചാവാം. ഇടയ്ക്കിടെ മുടിയിലൂടെ കൈയോടിക്കുന്ന ശീലമുളളവര്‍ അതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ് മുടികൊഴിച്ചില്‍ തടയാന്‍ മറ്റൊരു മാര്‍ഗ്ഗം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍, സ്ത്രീ ഹോര്‍മോണുകള്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മാനസിക സമ്മര്‍ദവും പിരിമുറുക്കവും അതു മൂലമുണ്ടാകുന്ന ഉറക്കക്കുറവും മുടികൊഴിച്ചിലിന് ഒരു കാരണമാകുന്നതാണ്.