മെലിയാനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കൂ

PTI
അമിതവണ്ണം ആര്‍ക്കും ഇഷ്ടമാവില്ല. എന്നു കരുതി സ്വയം പട്ടിണി അടിച്ചേല്‍പ്പിച്ച് മെലിയാനാണോ ഉദ്ദേശം? അങ്ങിനെയെങ്കില്‍ നിങ്ങളുടെ ഉദ്ദേശശുദ്ധിയെ തെല്ലൊന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പട്ടിണികിടന്ന് സ്വയം പീഡനം നടത്തുന്നത് ജഠരാഗ്നി മാന്ദ്യം എന്നറിയപ്പെടുന്ന ആനോറക്സി എന്ന രോഗമാവാന്‍ സാധ്യതയുണ്ട്. ഈ രോഗത്തിന് ശാരീരികവും മാനസികവുമായ കാരണങ്ങളാണ് ഉള്ളത്. അതിനാല്‍, വിശദീകരിക്കാന്‍ എളുപ്പമല്ലതാനും.

സാധാരണയായി ആനോറക്സി രണ്ട് വിധത്തില്‍ കണ്ടുവരാറുണ്ട്. ആദ്യത്തെ തരത്തില്‍ ഉള്‍പ്പെടുന്നവര്‍ കലോറി അധികമുള്ള ഭക്ഷണത്തെ ദൂരെ നിര്‍ത്തുക മാത്രമല്ല നിരന്തരം വ്യായാമത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. രണ്ടാമത്തെ തരത്തില്‍ ഉള്‍പ്പെടുന്നവര്‍ ആഹാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തില്ല, പക്ഷേ ആഹാരം കഴിച്ചത് ഛര്‍ദ്ദിച്ചോ വയറിളക്കിയോ കളയും.

മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും, ക്ഷീണവും ഉത്സാഹവുമില്ലാത്ത പ്രകൃതമുള്ളവരിലും ഈ രോഗം സംശയിക്കാം. രോഗികളില്‍ മിക്കവരുടെയും തലമുടി ക്രമാതീതമായി പൊഴിഞ്ഞു പോവുകയും നഖങ്ങള്‍ പൊട്ടിയിരിക്കുകയും ചെയ്യും. സാധാരണ രീതിയില്‍, രക്ത പരിശോധനയിലൂടെയും ഡോക്ടര്‍മാരുടെ ചോദ്യാവലിയിലൂടെ സഹായത്തോടെയും ആനോറക്സി എന്ന വില്ലനെ കണ്ടെത്താന്‍ സാധിക്കും.

ഗര്‍ഭിണികള്‍ക്കാണ് രോഗമുള്ളത് എങ്കില്‍ ഗര്‍ഭമലസാനുള്ള സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ പോഷകം ലഭിക്കാത്തതും ഹോര്‍മോണ്‍ നിലകളില്‍ വരുന്ന തകരാറും ഗുരുതരമായേക്കാം.

അതിനാല്‍, നിങ്ങള്‍ സ്വയം പരിശോധന നടത്തൂ, മെലിയാന്‍ സാധൂകരിക്കത്തക്ക മാര്‍ഗ്ഗമാണോ അവലംബിച്ചിരിക്കുന്നത് എന്ന്.

വെബ്ദുനിയ വായിക്കുക