മഴക്കാലവും മഞ്ഞു കാലവും കടന്നു പോയി. കോളേജ് കാമ്പസുകള്‍ക്കും യുവത്വത്തിനും ഇനി തിരക്കിന്‍റെ നാളുകള്‍. പ്രൊജക്‌ടുകളും അസൈന്‍മെന്‍റുകളും സമര്‍പ്പിക്കാനുള്ള തിരക്കാണ് ഒരു ഭാഗത്തെങ്കില്‍ പ്രണയവും പ്രണയ ദിനവും ആഘോഷിക്കാനുള്ള തിരക്കാണ് മറ്റൊരുഭാഗത്ത്. ജനുവരിക്ക് മൃദുവായി വിടചൊല്ലിയ കാമ്പസുകള്‍ പ്രണയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
എന്‍റെ കൂട്ടുകാരീ വാലന്‍റൈന്‍സ് ഡേ പാര്‍ട്ടിക്ക് പോകുന്നതിനു മുന്‍പ് ഒന്നു നില്‍ക്ക്. ഇപ്രാവശ്യം ആകെ മൊത്തം ഒന്ന് അടിപൊളിയായി പോവരുതോ. പാര്‍ട്ടിക്ക് പോകുന്നതിനു മുമ്പ് ആദ്യം ഒന്നു സിമ്പിളായി ഒരുങ്ങിക്കളയാം, വെറുതെയല്ലെന്നേ, മോഡേണായി തന്നെ.
ആദ്യം തന്നെ ഒരു കാര്യം പറയാം. നമുക്ക് ചേരുന്ന വസ്ത്രം മോഡേണായി ധരിക്കുമ്പോള്‍ മാത്രമാണ് ഒരു ‘പോഷ്’ ലുക്ക് ലഭിക്കൂ. ആ ലുക്ക് ഇനി എങ്ങനെ ഉണ്ടാക്കമെന്നല്ലേ. പറഞ്ഞു തരാം.
യുവത്വത്തിന് എന്നും ഫാഷനായി ഉള്ളത് ഒരു വസ്ത്ര രീതി മാത്രമാണ്. ജീന്‍സ്! അതിനോടോപ്പം ഒരുകാലത്ത് പെണ്‍ മണികള്‍ നീളന്‍ കുര്‍ത്തകള്‍ അണിഞ്ഞിരുന്നുവെങ്കില്‍ പിന്നീട് അത് ചെറുതായി ചെറുതായി വന്നു. എന്നാല്‍, ജീന്‍സും ഇറക്കം കുറഞ്ഞ ടോപ്പും സിമ്പിള്‍ കോസ്‌റ്റൂമും ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
ജീന്‍സ് കൂടാതെ ഷോര്‍ട് സ്‌കര്‍ട്ടോ ഗൌണോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. പക്ഷേ, ചേരുന്ന കളറായിരിക്കണം, കാണുന്നവര്‍ ‘വാട്ട് ഇസ് ദിസ്’ എന്നു ചോദിക്കാനും പാടില്ല. ധരിക്കുന്ന വസ്‌ത്രം എപ്പോഴും നിങ്ങളുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കണം. അതിന്‍റെ അര്‍ത്ഥം മൊത്തം ഇറുകി പിടിച്ച് ആളുകള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന രീതിയിലായിരിക്കണം എന്നല്ല, മറിച്ചും ആകരുത്. ബോഡിയോട് ഫിറ്റ് ആയി നില്‍ക്കുന്ന വസ്ത്രം മാത്രം തിരഞ്ഞെടുക്കുക.
ജീന്‍സും ഷോര്‍ട് ടോപ്പും, ഷോര്‍ട് സ്കര്‍ടും ടോപ്പും താല്പര്യമില്ലെങ്കില്‍ ലോങ് സ്‌കര്‍ടില്‍ ഒരു കൈ വെയ്ക്കാം. സ്ലീവ് ലെസ് ടീ ഷര്‍ടും ലോങ് സ്‌കര്‍ടും പാര്‍ട്ടിക്ക് വളരെ ഇണങ്ങിയ വേഷമാണ്. ഇനി നിങ്ങളുടെ ഇഷ്‌ടം, വേഗം പോയി പര്‍ച്ചേസ് ചെയ്യൂ, വാലന്‍റൈ ഡേ ഇഷ്‌ട വസ്ത്രത്തിനൊപ്പം ആഘോഷിക്കൂ.