നാടിന് ആഘോഷം; പിങ്കിക്ക് ആശ്വാസം

തിങ്കള്‍, 23 ഫെബ്രുവരി 2009 (19:34 IST)
ഇത് അവളുടെ കഥയാണ്. പിങ്കി എന്ന എട്ടുവയസുകാരിയുടെ. മുറിച്ചുണ്ട് എന്ന വൈരൂപ്യം സമ്മാനിച്ച നൊമ്പരങ്ങള്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസം. അതെ പിങ്കിയുടെ വേദനകളുടെ കഥ പറഞ്ഞ ‘സ്മൈല്‍ പിങ്കി’ എന്ന ഹ്രസ്വ ഡോക്യുമെന്‍ററിക്ക് ഓസ്കര്‍ ലഭിച്ചിരിക്കുന്നു.

ഈ നേട്ടത്തില്‍ ഉത്തര്‍പ്രദേശിലെ രാം‌പൂര്‍ ദാവയ്യ ഗ്രാമം ആഹ്ലാദത്തിലാണ്. കാരണം, അതാണ് പിങ്കിയുടെ നാട്. അവിടത്തെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവിതകഥയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരം ലഭിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് നാട്ടുകാരെ ആഹ്ലാദഭരിതരാക്കുന്നു. എന്നാല്‍ പിങ്കിയ്ക്ക് ഇത് ആഹ്ലാദത്തിന്‍റെ വേളയല്ല. ആശ്വാസത്തിന്‍റെ സമയമാണ്.

ഒന്നു ചിരിക്കാന്‍ പോലുമാകാതെ മറ്റുള്ളവരുടെ മുന്‍പില്‍ കണ്ണുനിറഞ്ഞ് നില്‍ക്കേണ്ടി വന്നിട്ടുള്ളത് എത്രതവണയാണ്. ആ വേദനകള്‍ക്ക് ഈ പുരസ്കാരലബ്‌ധി ഒരു പരിഹാരമാകില്ലെങ്കിലും ഇതേ അവസ്ഥയിലുള്ള ലോകമെങ്ങുമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇത് സഹായമായിത്തീരും എന്നു കരുതാം.

മുറിച്ചുണ്ടിന്‍റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സ്മൈല്‍ പിങ്കിയില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ ഡോക്യുമെന്‍ററി ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്‍റെ ദൃശ്യാവിഷ്കാരം കൂടിയായി മാറുന്നു. അമേരിക്കന്‍ സംവിധായികയായ മേഗന്‍ മൈലനാണ് ഈ ഡോക്യുമെന്‍ററി ഒരുക്കിയത്.

“പിങ്കി തന്‍റെ അവിശ്വസനീയമായ ജീവിതകഥ പറഞ്ഞു തന്നതിന് ഈ അവസരത്തില്‍ ഞാന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കേണ്ടത് അവളോട് മാത്രമാണ്” - ഓസ്കറിന്‍റെ ആഹ്ലാദത്തോടെ മേഗന്‍ മൈലന്‍ പറയുന്നു.

പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ധനായ സുബോധ്കുമാര്‍ സിംഗ് എന്ന ഡോക്ടറാണ് 2007ല്‍ പിങ്കിയുടെ മുറിച്ചുണ്ട് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. മുന്‍‌പ് പിങ്കി ഒട്ടേറെ അധിക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു. ഗ്രാമത്തില്‍ പിങ്കിയുടെ അതേ പ്രായത്തിലുള്ള കുട്ടികള്‍ പോലും അവളെ കളിയാക്കിയിരുന്നു. കളിയാക്കുമ്പോള്‍ ആദ്യം സങ്കടവും പിന്നീട് ദേഷ്യവും വരും. ദേഷ്യമടങ്ങുമ്പോള്‍ ഒറ്റയ്ക്ക് എവിടെയെങ്കിലും മാറിയിരുന്നു കരയും. മുറിച്ചുണ്ട് ശസ്ത്രക്രിയയിലൂടെ മാറ്റിയപ്പോള്‍ പിങ്കി സുന്ദരിയായി.

പിങ്കിയുടെ ഡോക്യുമെന്‍ററി ലോകനെറുകയില്‍ എത്തിയതോടെ അവളെ സഹായിക്കാന്‍ ഒരുപാട് സന്നദ്ധപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും രംഗത്തെത്തിയിരിക്കുന്നു.

ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സ്ഥാപനം പിങ്കിയുടെ ജീവിതകാല പഠനചെലവുകള്‍ വഹിക്കാമെന്ന് ഏറ്റിരിക്കുന്നു. പഠനം, താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി എല്ലാ ചെലവുകളും വഹിക്കാമെന്ന് സ്ഥാപന വക്താക്കള്‍ അറിയിച്ചു. ഇതിനു പുറമെ മറ്റു ചില സ്ഥാപനങ്ങള്‍ സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക