“ഓ...അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ? രാവിലെ ഇറങ്ങിക്കോളും ജീന്‍സും ടോപ്പുമിട്ട്. മുഖത്തൊരു കണ്ണാടിയും ഫിറ്റ് ചെയ്യും. ഇവള്‍ക്കൊന്നും ഒരു ചുരിദാര്‍ ഇല്ലേ ഇടാന്‍? അഹങ്കാരി”.
ജീന്‍സും ടോപ്പുമിട്ട് ‘കൂളായി’ ഓഫീസിലേക്കിറങ്ങുന്ന സുന്ദരിമാരെ കാണുമ്പോള്‍ ചില അമ്മച്ചിമാര്‍ക്കും അപ്പച്ചന്മാര്‍ക്കും ഉണ്ടാകുന്ന വികാര വിചാരങ്ങളാണ് മേല്‍ പറഞ്ഞത്. പക്ഷേ, അവരറിയുന്നുണ്ടോ ഈ ‘അഹങ്കാരി’ പെണ്‍കൊച്ച് കിട്ടുന്ന സാലറി ‘സേവ്’ ചെയ്യുകയാണെന്ന്!
അടിച്ചു പൊളിച്ചു നടന്ന് ‘സേവ്’ ചെയ്യുകയോ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ.ആദ്യം നമ്മുടെ സുന്ദരി പെണ്‍കൊച്ച് കാശ് ലാഭിക്കുന്നതെങ്ങനെയെന്ന് അറിയേണ്ടേ?
ഒരു സാധാരണ ജീന്‍സിന് പരമാവധി നല്‍കേണ്ട വില ഇരുന്നൂറ്റമ്പത് രൂപ. ഒരു ജീന്‍സിനൊപ്പം ഒരുപാട് കുര്‍ത്തകള്‍ അണിയുകയും ചെയ്യാം. അതേസമയം നല്ല ഒരു ചുരിദാര്‍ വാങ്ങണമെങ്കില്‍ കൊടുക്കണ്ടേ വില അഞ്ഞൂറ്. അതേസമയം നൂറ്-നൂറ്റിയന്‍പത് നിരക്കില്‍ ജീന്‍സിന് അനുയോജ്യമായ കുര്‍ത്തകള്‍ വിപണിയില്‍ ലഭിക്കുകയും ചെയ്യും. നൂറു രൂപ നിരക്കിലുള്ള കുര്‍ത്തയാണെങ്കില്‍ അഞ്ച് കുര്‍ത്ത മാത്രമല്ല, അഞ്ച് ജോഡി ഡ്രസും റെഡി.
റിംഗ് ടൈപ്പ് കമ്മലുകളാണ് കാതിലണിയാന്‍ നല്ലത്. മുടി അലസമാക്കിയിടാതെ പോണി ടെയ്‌ല്‍ രീതിയില്‍ കെട്ടി വയ്ക്കാം. പിന്നെ വലത് കൈയില്‍ തടി കൊണ്ടുള്ള ഒരു വളയും ഇടത് കൈയില്‍ വീതി കൂടിയ സ്ട്രാപ്പുള്ള വാച്ചും കെട്ടാം. കഴുത്തില്‍ കനം കുറഞ്ഞ, ആര്‍ഭാടം ഇല്ലാത്ത വെള്ളി ചെയിന്‍ അണിയുകയാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും.
ചെരുപ്പിലും വേണം ഈ ലളിത ആഢ്യത്വം. മുകള്‍ ഭാഗം വീതി കൂടി, കറുപ്പ് നിറത്തില്‍ ലഭിക്കുന്ന ചെരുപ്പുകള്‍ പാദങ്ങള്‍ക്ക് ‘സിമ്പിള്‍ ബട്ട് ഹംപിള്‍ ലുക്കും’ നല്കും. ഇനി ഒരു സ്ക്വയര്‍ സ്പെക്‌സും മുഖത്തെടുത്ത് വെച്ച്, ഒരു ഹാന്‍ഡ് ബാഗുമായി ധൈര്യ സമേതം ഓഫിസിലേക്ക് പൊയ്ക്കോളൂ. നമുക്കൊരു ‘അഹങ്കാരി’ ലുക്കുമായി, കാശ് ഹാന്‍ഡ്ബാഗില്‍ സുരക്ഷിതവും.