മറവിരോഗം ഗുരുതരമാകുമ്പോള്‍ രോഗിക്ക് പരിപൂര്‍ണ്ണമായ പരിചരണമില്ലാതെ ജീവിക്കാന്‍ സാദ്ധ്യമല്ലാത്ത അവസ്ഥ വരുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കുകളിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങുകയും അവസാനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. പേശികള്‍ ശോഷിക്കുകയും നടക്കാനോ സ്വന്തമായി ഭക്ഷണംകഴിക്കാനോ ഉള്ള ശേഷി നഷ്ടമാവുന്നു. ന്യൂമോണിയയോ അള്‍സറുകളോ പോലെയുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം പലപ്പോഴും സംഭവിക്കുന്നത്.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണങ്ങള്‍ കൃത്യമായി അറിയില്ല എങ്കിലും, ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു. എല്ലാ ഡിമന്‍ഷ്യകളിലെന്നപോലെ, അല്‍ഷിമേഴ്‌സ് രോഗത്തിലും ഒരുപാട് ന്യൂറോണുകള്‍ നശിക്കുന്നു. ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്‌കത്തില്‍ ഏകദേശം പതിനായിരം കോടി (100 ബില്ല്യണ്‍) ന്യൂറോണുകളും, അവതമ്മില്‍ നൂറു ലക്ഷം കോടി (100 ട്രില്ല്യണ്‍) കണക്ഷനുകളും ഉണ്ട്.