പനിക്ക് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (20:48 IST)
പനി വന്നാല്‍ ഡോക്ടറെ കാണാന്‍ മടിയുള്ളവരാണ് പൊതുവെ മലയാളികള്‍. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ അതങ്ങ് മാറിപ്പോകും എന്നാണ് നമ്മള്‍ വിചാരിക്കുക. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖമാണ് പനി. കരള്‍, ശ്വാസകോശം, തലച്ചോര്‍ എന്നിവയെ പോലും ഗുരുതരാവസ്ഥയില്‍ എത്തിക്കുന്ന പനികള്‍ ഉണ്ടെന്ന് മനസിലാക്കണം. 
 
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞില്ലെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. താപനില 101 ഫാരന്‍ഹീറ്റിന് മുകളിലാണെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം. പനിക്കൊപ്പം ശക്തമായ തൊണ്ട വേദന, തലവേദന എന്നീ ലക്ഷണങ്ങള്‍ ഉമ്‌ടെങ്കില്‍ അത് ചിലപ്പോള്‍ എന്തെങ്കിലും അണുബാധയുടെ ലക്ഷണമാകാം. കഫത്തിന്റെ നിറത്തില്‍ അസാധാരണമായ മാറ്റം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധന നടത്തണം. മരുന്ന് കഴിച്ചിട്ടും പനി 103 ഡിഗ്രിയേക്കാള്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ വൈദ്യസഹായം അത്യാവശ്യമാണ്. പനിയുള്ളപ്പോള്‍ രാത്രി അസാധാരണമായി വിയര്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. പനിയുള്ള സമയത്ത് ശരീരത്തില്‍ എവിടെയെങ്കിലും കഴലകള്‍ പ്രത്യക്ഷമായാല്‍ ഉടന്‍ ചികിത്സ തേടുക. പനിക്കൊപ്പം 12 മണിക്കൂറില്‍ കൂടുതല്‍ ഛര്‍ദി, വയറിളക്കം എന്നിവ ഉണ്ടെങ്കില്‍ ഉറപ്പായും വൈദ്യസഹായം ആവശ്യമാണ്. നവജാത ശിശുക്കളില്‍ താപനില 100 ഡിഗ്രിയേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍