Mumps Symptoms: ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്; മുണ്ടിനീരിനെ കുറിച്ച് അറിയേണ്ടതെല്ലാം

രേണുക വേണു

വ്യാഴം, 12 ഡിസം‌ബര്‍ 2024 (11:16 IST)
Mumps Symptoms

Mumps Symptoms: സംസ്ഥാനത്ത് മുണ്ടിനീര് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുണ്ടിവീക്കം, തൊണ്ടിവീക്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മംപ്‌സ് പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. 
 
വായുവിലൂടെ പകരുന്ന രോഗമാണ് മുണ്ടിനീര്. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. ചെവി വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ഭക്ഷണം ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ ഉറപ്പാക്കേണ്ടതാണ്.
 
കുട്ടികളിലാണ് ഈ അസുഖം വ്യാപകമായി കാണപ്പെടുന്നത്. മുണ്ടിനീര് ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടികളെ സ്‌കൂളിലേക്കു വിടരുത്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികള്‍ ധാരാളം വെള്ളം കുടിക്കുകയും ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണം കഴിക്കുകയും വേണം. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുക. ഐസ് / ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ചു ചൂട് വയ്ക്കുന്നത് നീരിനും വേദനയ്ക്കും അശ്വാസം നല്‍കാന്‍ സഹായിക്കും. രോഗലക്ഷണം കണ്ടാല്‍ കുട്ടികളെ ഒരാഴ്ച സ്‌കൂളില്‍ വിടരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍