പ്രമേഹ രോഗികളുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി; രോഗനിര്‍ണയവും ബോധവത്കരണവും അനിവാര്യം

രേണുക വേണു

ചൊവ്വ, 18 മാര്‍ച്ച് 2025 (16:56 IST)
Diabetic Retinopathy

ഇന്ത്യയില്‍ ഇന്ന് ഏകദേശം 101 ദശലക്ഷത്തിലധികം പേര്‍ പ്രമേഹ ബാധിതരാണ്. 2045 ആകുന്നതോടെ ഇത് 125 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഹൃദ്രോഗം, വൃക്കകളെ ബാധിക്കുന്ന ഗുരുതര രോഗം, ഡയബറ്റിക് റെറ്റിനോപ്പതി (ഡിആര്‍) തുടങ്ങി പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി അപകട സാധ്യതകളുണ്ട്. ഇതില്‍ മറ്റ് രോഗങ്ങള്‍ക്കെല്ലാം പ്രകടമായ രോഗലക്ഷണങ്ങളുള്ളപ്പോള്‍ അത്തരത്തില്‍ പ്രകടമായ വലിയ രോഗലക്ഷണങ്ങള്‍ കാണിക്കാതെ എന്നാല്‍ രോഗിയുടെ കാഴ്ചയ്ക്ക് ഭീഷണിയാകുന്ന, പ്രമേഹത്തിന്റെ സങ്കീണമായ ഒരു അവസ്ഥയാണ് ഡിആര്‍. കാഴ്ച ശക്തി കുറയുന്നതിനോ, ചിലപ്പോള്‍ പൂര്‍ണ്ണമായ അന്ധതയ്ക്കോ ഇത് കാരണമാകുന്നു. മധ്യവയസ്‌കരില്‍ കാഴ്ച നഷ്ടപ്പെടുന്നതിനുള്ള പ്രധാന ഘടകമാണിത്. 
 
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടത്തിയ സ്മാര്‍ട്ട് ഇന്ത്യ പഠനത്തില്‍ 6,000-ത്തിലധികം പ്രമേഹ ബാധിതരില്‍ ഡിആര്‍ വ്യാപനം പഠനവിധേയമാക്കി, പ്രമേഹ രോഗികളില്‍ റെറ്റിനോപ്പതിയുടെ വ്യാപനം 12.5 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 4% പേര്‍ക്ക് കാഴ്ച ശക്തിയെ അപകടത്തിലാക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി (വിടിഡിആര്‍) ഉണ്ട്. രോഗിയുടെ കാഴ്ചാ ശക്തി പൂര്‍ണമായും ഇല്ലാതാകുന്നതിലേക്കാണ് ഇത് നയിക്കുക. 
 
ദീര്‍ഘനാള്‍ രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മൂലമുണ്ടാകുന്ന ഡിആറിനെ തുടര്‍ന്ന്, റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ വീര്‍ക്കുകയോ അവയ്ക്ക് ശോഷണമോ കേടുപാടുകളോ സംഭവിക്കുകയോ ചെയ്യാം. അല്ലെങ്കില്‍ അവ അടഞ്ഞുപോകുകയും അതുവഴി രക്തയോട്ടം തടസ്സപ്പെടുകയും ക്രമേണ കാഴ്ച ശക്തി ഇല്ലാതാവുകയും ചെയ്യും. വ്യക്തമായ രോഗലക്ഷണങ്ങളില്ലാതെയാണ് ഡിആര്‍ സാധാരണ രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ഭൂരിഭാഗം രോഗികളും രോഗാവസ്ഥയെക്കുറിച്ച് അജ്ഞരായിരിക്കുകയും ക്രമേണ രോഗം ഗുരുതരമാകുകയും ചെയ്യും. 
 
പലപ്പോഴും ഡിആറിന്റെ ആരംഭ ഘട്ടത്തിലെ ലക്ഷണങ്ങളായ നേരിയ കാഴ്ച മങ്ങല്‍ സാധാരണ വാര്‍ദ്ധക്യമായി കൂടുതല്‍പ്പേരും തെറ്റിദ്ധരിക്കുകയും ഇത് രോഗനിര്‍ണയം വൈകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ വിട്രിയോ റെറ്റിനല്‍ സര്‍ജനായ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പറയുന്നു. കാഴ്ചശക്തിയെ അപകടപ്പെടുത്തുന്ന പ്രമേഹത്തിന്റെ സങ്കീര്‍ണ്ണ അവസ്ഥയായ ഡിആര്‍ പലപ്പോഴും നിശബ്ദ വില്ലനായി വളരുകയും കാഴ്ചാ വൈകല്യത്തിന് കാരണമാവുകയും ചെയ്യുന്നു. രോഗം ഗുരുതരമാകുന്നതുവരെ രോഗനിര്‍ണയം നടത്താതിരിക്കുന്നതുവഴി ഡിആര്‍ പൂര്‍ണമായ കാഴ്ചാ നഷ്ടത്തിലേക്ക് നയിച്ചേക്കാം. നേരത്തെയുള്ള രോഗനിര്‍ണയം ഉറപ്പാക്കാന്‍ രോഗികള്‍ പ്രമേഹ നിയന്ത്രണത്തില്‍ പതിവ് കാഴ്ചാ പരിശോധനകള്‍ ഉള്‍പ്പെടുത്തണം. ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികളിലൂടെ അന്ധത തടയുന്നതിനും നല്ല ജീവിതനിലവാരം നിലനിര്‍ത്തുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ഈ അപകടഭീഷണിയെ മറികടക്കുന്നതിനായി റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യും വിട്രിയോ റെറ്റിനല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (വിആര്‍എസ്ഐ) യും സംയുക്തമായി മാര്‍ഗരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രമേഹ രോഗികയും കൃത്യമായ റൂട്ടീന്‍ ചെക്കപ്പുകള്‍ പാലിക്കണമെന്ന് ഈ മാര്‍ഗരേഖയില്‍ ശുപാര്‍ശ ചെയ്യുന്നു. ടൈപ്പ് 1 പ്രമേഹ രോഗികള്‍ രോഗം കണ്ടെത്തുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് പരിശോധന നടത്തണം. ടൈപ്പ് 2 പ്രമേഹരോഗികള്‍ രോഗനിര്‍ണയം നടത്തുമ്പോള്‍ പരിശോധന നടത്തുകയും വേണം. കൂടാതെ, ഗര്‍ഭകാലത്ത് ഡിആര്‍ ഗുരുതരമാകുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ പ്രമേഹമുള്ള ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ സ്‌ക്രീനിംഗ് ഷെഡ്യൂളുകള്‍ ആവശ്യമാണ്. കാഴ്ച നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് തിരികെ ലഭിക്കാത്തതിനാല്‍ പ്രമേഹ നിരീക്ഷണത്തിനുള്ള പതിവ് രക്തപരിശോധന പോലെ സജീവമായ ഡിആര്‍ സ്‌ക്രീനിംഗും പ്രധാനമാണ്.
 
നിര്‍മ്മിത ബുദ്ധി (എഐ) അല്‍ഗൊരിതം സജ്ജമാക്കിയ നോണ്‍-മൈഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ പോലുള്ള സ്‌ക്രീനിംഗ് ടൂളുകള്‍ വേഗത്തിലും കാര്യക്ഷമവുമായ പരിശോധന സാധ്യമാക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം, പൊതുജനബോധവത്കരണം, സംയോജിത പരിശോധനാ മോഡലുകള്‍ എന്നിവയിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍