നമ്മുടെ ശരീരത്തിന് എല്ലാ വിറ്റാമിനുകളും അതിന്റേതായ അളവില്‍ ആവശ്യമുണ്ട്. ഓരോ വിറ്റാമിനുകളും പ്രത്യേകം ധര്‍മ്മമാണ് വഹിക്കുന്നത്. പ്രധാനമായും വിറ്റാമിന്‍ എ യുടെ കുറവ് കണ്ണുകളെയാണ് ബാധിക്കുന്നത്. ഇത് ശരിയായ സമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയിലേക്ക് വരെ നയിച്ചേക്കാം. ഏതൊക്കെ സാഹചര്യങ്ങളില്‍ വിറ്റാമിന്‍ എ യുടെ കുറവുണ്ടാകാം എന്ന് നോക്കാം. ഗര്‍ഭിണികളിലും കുട്ടികളിലും ശരിയായ അളവില്‍ പഴങ്ങളും പച്ചക്കറികളും കഴിച്ചില്ലെങ്കില്‍ വിറ്റാമിന്‍ എയുടെ ആഭാവം ഉണ്ടാകാം. കടുത്ത വയറിളക്കം, മീസില്‍സ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടാകുമ്പോഴും വിറ്റാമിനയുടെ കുറവുണ്ടാകും.
കുഞ്ഞുങ്ങളില്‍ വിറ്റാമിന്‍ കുറഞ്ഞാല്‍ തൊലിപ്പുറവും കണ്ണുകളുമൊക്കെ വരണ്ടിരിക്കും. വിറ്റാമിന്‍ കുറയുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കണ്ണുകള്‍ക്ക് തെളിച്ചമില്ലാതെ ഇരിക്കുക. അതുപോലെതന്നെ കണ്ണുകളില്‍ പൊട്ടും പാടുകളും വരിക. രാത്രികാലങ്ങളിലും മങ്ങിയ പ്രകാശത്തിലും കാഴ്ച കുറയുന്നതും വിറ്റാമിന്‍ എയുടെ കുറവുമൂലമാണ്. ഇത്തരം ലക്ഷണമുള്ളവര്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ എ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ഉള്‍പ്പെടുത്തുക. ചികിത്സ ആവശ്യമെങ്കില്‍ വിറ്റാമിന്‍ എയുടെ തുള്ളിമരുന്ന് കഴിക്കണം. 3 വയസ്സുവരെ കുട്ടികള്‍ക്ക് ആറു മാസം ഇടവിട്ട് വിറ്റമിന്‍ എ തുള്ളിമരുന്ന് നല്‍കാറുണ്ട്.