പ്രമേഹ രോഗികള്‍ മട്ട അരി കൊണ്ടുള്ള ചോറ് മാത്രമേ കഴിക്കാവൂ? വെളുത്ത അരി ഒഴിവാക്കണോ?

ബുധന്‍, 16 ഓഗസ്റ്റ് 2023 (09:44 IST)
പ്രമേഹ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയാമല്ലോ. എന്തും തോന്നിയ പോലെ കഴിക്കുന്ന ശീലമാണ് പ്രമേഹ രോഗികള്‍ ആദ്യം ഒഴിവാക്കേണ്ടത്. പ്രത്യേകിച്ച് അമിതമായ ചോറ് തീറ്റ കൂടുതല്‍ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കും. പ്രമേഹ രോഗികള്‍ പൂര്‍ണമായും ചോറ് ഒഴിവാക്കണമെന്നല്ല അതിന്റെ അര്‍ത്ഥം. മറിച്ച് നിയന്ത്രണം വേണം. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ വെളുത്ത അരി കൊണ്ടുള്ള ചോറ് കഴിക്കുന്നത് പരിമിതപ്പെടുത്തണം. വെളുത്ത അരിയില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും ഗണ്യമായ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റും ഉയര്‍ന്ന ഗ്ലൈസെമിക് ലോഡും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുകയും പ്രമേഹ സാധ്യത ഒരു വലിയ ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 
 
അമിതമായി ചോറ് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനാരോഗ്യകരമായ നിലയിലേക്ക് ഉയരുന്നു. ഒരു കപ്പ് വെള്ള അരിയില്‍ 53.4 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗിക്ക് അനാരോഗ്യകരമാണ്. ഒരു പ്രമേഹ രോഗി അമിത അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ഗ്ലൂക്കോസായി വിഘടിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ ചെറിയ അളവില്‍ മാത്രം കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുക. 
 
തവിട് കൂടിയ അരിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. തവിട് കൂടിയ അരിയില്‍ വെളുത്ത അരിയേക്കാള്‍ നാരുകളും വിറ്റാമിനുകളും പോഷകങ്ങളും കൂടുതലാണ്. 
 
മാത്രമല്ല നിങ്ങള്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം സ്ഥിരം കഴിക്കുന്നവരാണെങ്കില്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍