വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ഒരു നിമിഷം ഒന്നു ശ്രദ്ധിക്കൂ !
ശനി, 7 ഒക്‌ടോബര്‍ 2017 (14:45 IST)
വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ ഒരു പുതിയ തുടക്കമെന്നതിനേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. ഒരു സൗഹൃദ ബന്ധം കൂടിയാണ് വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പ് രണ്ടു പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതിനാല്‍ തന്നെ വിവാഹമോചനങ്ങള്‍ കൂടിവരുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം.
വിവാഹിതരാകുന്നതിനു മുമ്പ് ഏതൊരാളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം...
* ആരെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ?
വിവാഹത്തിന് മുന്‍പ് നിങ്ങളുടെ പങ്കാളിയെ അടുത്തറിയുന്നത് വിജയകരമായ ഒരു ദാമ്പത്യത്തിന്റെ അടിത്തറയാണ്. പങ്കാളിയുടെ സ്വഭാവം, ശാരീരികവും മാനസികവുമായ ആരോഗ്യം, രോഗങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ദാമ്പത്യബന്ധം നീണ്ടുനില്‍ക്കുന്നതിന് സഹായകമാകും.
* വിവാഹം കഴിക്കാന്‍ നിങ്ങള്‍ മാനസികമായി തയ്യാറെടുത്തോ ?
വിവാഹത്തിന് മുന്‍പ് തീരുമാനം എടുക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണിത്. പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി വിവാഹമെന്ന പുതിയ ഒരു തുടക്കത്തിലേക്ക് ചുവട് വയ്ക്കാന്‍ നമ്മള്‍ മാനസികമായി തായ്യാറെടുക്കേണ്ടതുണ്ട്.
* ധനികനായ ആണ്‍കുട്ടിയെ വിവാഹം ചെയ്യുമ്പോള്‍
പണം ഒരു പരിധി വരെ ജീവിതത്തിന് സുരക്ഷ നല്‍കുമെന്നു സ്ത്രീ കരുതുന്നു. ജീവിതം മുഴുവന്‍ പണം സമ്പാദിയ്ക്കാന്‍ ഓടാതെ തനിക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ ഒരാള്‍ എന്ന ചിന്ത അവര്‍ക്കുണ്ടാകും. സുഖവും സൗകര്യളുമെല്ലാം സ്ത്രീയാഗ്രഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് പുരുഷന്മാര്‍ താരതമ്യേന സാമ്പത്തികം കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്യുന്നത് ഉചിതമാണ്.
* നല്ല മരുമകളാകുക
ഭര്‍ത്താവിന്റെ മാതാപിതാക്കളോട് സ്‌നേഹവും അനുസരണയും വിധേയത്വവും കാണിയ്‌ക്കണം. അവരെ നല്ല രീതിയില്‍ സംരക്ഷിയ്‌ക്കണം. വീട്ടിലെ ജോലികള്‍ നന്നായി ചെയ്യുന്ന മരുമക്കളെ അമ്മമാര്‍ക്ക് എന്നും ഇഷ്ടമാണ്. അവര്‍ വീട്ടില്‍ പുതിയ ആളായതിനാല്‍ എല്ലാ ചുമതലകളും ഏറ്റെടുക്കുകയും മടുപ്പ് കാണിക്കാതെ ചെയ്യുകയും ചെയ്യേണ്ടതുണ്ട്.
* ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക
വിവാഹ ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ബന്ധം ദൃഢമാകാന്‍ സഹായിക്കും. എപ്പോഴും കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും. ഒരുമിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.
* വിവാഹം കഴിഞ്ഞുള്ള സൌഹൃദം
ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പലരും സുഹൃത്തുക്കളെ കൂടുതലായി ആശ്രയിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും വഴക്കിന് ആക്കം കൂട്ടും. സുഹൃത്തുക്കളോട് ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ മുന്നില്‍ വെച്ച് തന്നെ സംസാരിക്കുക. തങ്ങളുടെ സുഹൃത്തിനെ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.