വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഒരാള്‍ക്ക് നെഞ്ചുവേദന ഉണ്ടാകുമ്പോള്‍, അതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണങ്ങളാണിതെന്ന് ആളുകള്‍ കരുതുന്നു. പക്ഷേ അങ്ങനെയല്ല. ചില ആളുകള്‍ക്ക് നെഞ്ചിന്റെ താഴെയും വയറിന്റെ മുകള്‍ ഭാഗത്തും പല കാരണങ്ങളാല്‍ വേദന ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ഇവയുടെ കാരണങ്ങളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്ക് പുറമേ, മറ്റ് പല അവസ്ഥകളിലും ഈ വേദന ഉണ്ടാകാം. കൊറോണറി ആര്‍ട്ടറി രോഗം, ആന്‍ജീന മുതലായവയും ഇതിന് കാരണമാകാം.
ഒരു വ്യക്തിക്ക് അസ്ഥി പ്രശ്‌നങ്ങള്‍, പേശികളുമായും നാഡീവ്യവസ്ഥയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍, നെഞ്ചിനു താഴെ വേദന ഉണ്ടാകാം. അസ്ഥികള്‍ക്കുണ്ടാകുന്ന പരിക്ക്, വാരിയെല്ലുകളിലെ പ്രശ്‌നങ്ങള്‍, പേശികളിലെ പിരിമുറുക്കം അല്ലെങ്കില്‍ വീക്കം, വൈറല്‍ അണുബാധ മുതലായവ കാരണവും ഇത്തരം വേദനയുണ്ടാകാം. ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, നെഞ്ചുവേദനയുടെ പ്രശ്‌നവും ഉണ്ടാകാം. നെഞ്ചിനു താഴെയുന്ന വേദന പെപ്റ്റിക് അള്‍സര്‍, ഹെര്‍ണിയ, ക്രോണിക് പാന്‍ക്രിയാറ്റിസ്, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ്, അന്നനാളത്തിലെ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി, അന്നനാളത്തിലെ സങ്കോച തകരാറ് മുതലായവ മൂലവുമാകാം.
കൂടാതെ ഒരു വ്യക്തിക്ക് ശ്വാസകോശത്തില്‍ പ്രശ്‌നം അനുഭവപ്പെടുമ്പോഴും നെഞ്ചിന്റെ താഴത്തെ ഭാഗത്ത് വേദന അനുഭവപ്പെടാം. ആസ്ത്മ, സിഒപിഡി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യുമോണിയ, പള്‍മണറി എംബോളിസം എന്നിവയൊക്കെ നെഞ്ചിന് താഴെ വേദന ഉണ്ടാകാന്‍ കാരണമാകാം.