മണിയുടെ മരണത്തിനു കാരണം ബിയര്‍, മരിക്കുന്നതിന്റെ തലേന്ന് 12 കുപ്പി കുടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിങ്കള്‍, 13 നവം‌ബര്‍ 2023 (10:42 IST)
അകാലത്തില്‍ വേര്‍പ്പെട്ട മലയാളികളുടെ പ്രിയ നടനാണ് കലാഭവന്‍ മണി. ലിവര്‍ സിറോസിസും ജീവിതശൈലിയുമാണ് മണിയുടെ ജീവന്‍ അതിവേഗം അപഹരിച്ചത്. അസുഖ ബാധിതനായപ്പോള്‍ താരം ആരോഗ്യത്തിനു വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. കൃത്യമായ ചികിത്സയും ജീവിതശൈലി നിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍ മണി കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു എന്നാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പി.എന്‍.ഉണ്ണിരാജന്‍ ഐപിഎസ് വെളിപ്പെടുത്തിയത്. സഫാരി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ ഉണ്ടെന്ന് മനസിലായി. സാധാരണ മദ്യപിക്കുമ്പോള്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് കാണാറുള്ളത്. മീഥൈല്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തില്‍ എത്തിയത് എങ്ങനെയാണെന്ന ചോദ്യം ദുരൂഹമായി നിലനിന്നു. മറ്റാരെങ്കിലും മദ്യത്തില്‍ ചേര്‍ത്ത് നല്‍കിയതാണോ എന്ന സംശയം ഉടലെടുക്കുന്നത് അങ്ങനെയാണ്. 
 
മണി പ്രധാനമായും ബിയര്‍ ആണ് കുടിച്ചിരുന്നതെന്ന് സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ സാധിച്ചു. ബിയറിന്റെ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിന്റെ ഫലം കിട്ടിയപ്പോള്‍ ആണ് അതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കാണുന്നത്. മറ്റുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണി തന്റെ രോഗത്തിനു കാര്യമായ ശ്രദ്ധ നല്‍കിയില്ല. മണി ഒരു ലിവര്‍ സിറോസിസ് രോഗിയായിരുന്നു. ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള ഞെരുമ്പുകള്‍ക്ക് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി രക്തം ഛര്‍ദിക്കുമായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ബിയര്‍ കുടി നിര്‍ത്തിയില്ല. രക്തം ഛര്‍ദിക്കുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയര്‍ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ 4-ാം തിയതിയും അതിന്റെ തലേന്ന് മൂന്നാം തിയതിയും മരിക്കുന്നതിന്റെ അന്ന് അഞ്ചാം തിയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയര്‍ കുടിച്ചിട്ടുണ്ടാകും. മണി ഉപയോഗിച്ചിരുന്ന ബിയര്‍ കുപ്പിയും മറ്റു ബാറില്‍ നിന്നും എടുത്ത ബിയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയക്കുകയും ഈ ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയൊരു അംശം ഉണ്ട്. ഒരുപാട് ബിയര്‍ കുടിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവും കൂടും. മണിയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗിയാകുമ്പോള്‍ ഇത് പെട്ടന്ന് ട്രിഗര്‍ ചെയ്യും - പി.എന്‍.ഉണ്ണിരാജന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍