കറി ഏതായാലും ചോറിനൊപ്പം ഒരു പപ്പടം കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍ ആണ്. അതേസമയം എണ്ണയില്‍ വറുത്തെടുക്കുന്ന പപ്പടം അമിതമായി കഴിക്കുന്നത് ശരീരത്തിനു നല്ലതുമല്ല. എന്നുകരുതി പപ്പടം പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. എണ്ണയില്ലാതെയും പപ്പടം വറുത്തെടുക്കാന്‍ സാധിക്കും. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടായാല്‍ മതി !
കുക്കര്‍ നന്നായി ചൂടായ ശേഷം അതിലേക്ക് പപ്പടം കീറി ചെറിയ പീസുകളാക്കി ഇട്ടു കൊടുക്കുക. കുക്കറിലേക്ക് ഇട്ട പപ്പടം ഒരു തവി കൊണ്ട് നന്നായി ഇളക്കണം. രണ്ടോ മൂന്നോ മിനിറ്റ് മതി പപ്പടം നല്ല രീതിയില്‍ വറുത്തു കിട്ടാന്‍. ഇനി കുറച്ചു കൂടി സ്‌പൈസിയായി പപ്പടം കിട്ടണമെങ്കില്‍ അല്‍പ്പം എണ്ണ ഉപയോഗിക്കാം. ആദ്യം വറുത്തെടുത്ത പപ്പടം കുക്കറില്‍ നിന്ന് മാറ്റിയ ശേഷം കുക്കറിലേക്ക് കാല്‍ സ്പൂണ്‍ ഓയില്‍ മാത്രം ഒഴിക്കുക. അത് ചൂടായ ശേഷം അല്‍പ്പം മുളകു പൊടിയോ ചതച്ച മുളകോ ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത പപ്പടം വീണ്ടും കുക്കറിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. അധികം എണ്ണയില്ലാതെ നല്ല രുചിയില്‍ പപ്പടം കഴിക്കാന്‍ സാധിക്കും.