കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജ്യൂസ്

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (16:26 IST)
ആരോഗ്യത്തിന്റെ കാര്യത്തിൽ കൊളസ്ട്രോൾ എന്നും ഒരു വില്ലൻ തന്നെയാണ്. അത് കൂടിയാലും പ്രശ്നം കുറഞ്ഞാലും പ്രശ്നം. കൊളസ്ട്രോ‌ൾ കൂടി, കുറഞ്ഞു എന്നു പറയുന്നതല്ലാതെ ആർക്കും എന്താണ് ഈ കൊളസ്ട്രോൾ എന്നറിയില്ല. ശരിക്കും എന്താണ് കൊളസ്ട്രോൾ?. ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. കൊഴുപ്പുതൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്. 
 
നിങ്ങൾക്ക് കൊളസ്ട്രോ‌ൾ കൂടിയെന്ന് വരുമ്പോൾ പലതരത്തിലുള്ള ചികിത്സകളും മരുന്നുകളും ഡോക്ടർമാർ നിർദേശിക്കും. എന്നാൽ, ചെറിയ ചില കാര്യങ്ങളിലൂടെ നമുക്ക് തന്നെ ഇത് നിയന്ത്രിക്കാൻ കഴിയും. ശരീരത്തിന് ആവശ്യമുള്ള ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തില്‍നിന്ന് 20 ശതമാനം കൊളസ്ട്രോളാണ് നമുക്ക് ലഭ്യമാവുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്ട്രോളിന്‍റ്റെ അളവിനെ നിയന്ത്രിക്കുന്നത്. 
 
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ ധമനികളെ ബാധിക്കുന്ന പെരിഫറല്‍ വാസ്കുലാര്‍ ഡിസീസ്, രക്താതിമര്‍ദം, വൃക്കരോഗങ്ങള്‍, കരളില്‍ കൊഴുപ്പടിയുക, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്ട്രോള്‍ എത്താറുണ്ട്.
 
കൊളസ്ട്രോ‌ൾ കുറയ്ക്കാൻ തക്കാളി ജ്യൂസ്
 
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസിൽ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 
 
ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ്
 
ഓറഞ്ച് ജ്യൂസ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണെന്ന് കാലിഫോർണിയയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്ട്രോൾ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്ട്രോൾ ആയ LDL 13 ശതമാനം കുറഞ്ഞതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
 
കൊളസ്ട്രോൾ കുറയ്ക്കാൻ മാതള നാരങ്ങ ജ്യൂസ്
 
മനുഷ്യശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് ഉത്തമമാണെന്ന് പഠന റിപ്പോർട്ടുകൾ. മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. രക്തം വർധിപ്പിക്കാനും ഇത് സഹായിക്കും. വാർധക്യത്തെ അകറ്റി നിർത്താനും ഇത് സഹായിക്കും. ഒരു കപ്പ് മാതളച്ചാറ് ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റിൽ കൊഴുപ്പ് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. നോൺസ്റ്റൈർഡിഫൈഡ് ഫാറ്റി ആസിഡ് രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്ക്കുന്നതുകൊണ്ടാണിങ്ങനെയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
 
ബീറ്റ്റൂട്ട് ജ്യൂസ്
 
കൊഴുപ്പ് കുറയ്ക്കാൻ പച്ചക്കറികൾ സഹായിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഇക്കൂട്ടത്തിൽ ബീറ്റ്‌ റൂട്ട് ആണ് കേമൻ. ആന്റിഓക്സിഡന്റ്സ് കൂടുതലുള്ള ഇവ കൊളസ്ട്രോ‌ൾ കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.    

വെബ്ദുനിയ വായിക്കുക