ലാബില്‍ വൃക്കകള്‍ വളര്‍ത്തിയെടുത്തു!

ഞായര്‍, 10 ഏപ്രില്‍ 2011 (18:05 IST)
PRO
വൃക്കരോഗികള്‍ക്ക് ആശ്വസിക്കാന്‍ അവസരമൊരുങ്ങുന്നു. രണ്ട് വൃക്കകളും തകരാറിലായവര്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള അവസാന പോംവഴി. എന്നാല്‍, വൃക്കദാതാക്കള്‍ കുറവായതിനാല്‍ ഇക്കാര്യം പലപ്പോഴും നടക്കാതെ പോവുകയും ചെയ്യും.

വൃക്കരോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് സ്കോട്‌ലന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇവിടുത്തെ ഗവേഷകര്‍ മൂലകോശത്തില്‍ നിന്ന് വൃക്കകള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു.

ലാബില്‍ വളര്‍ത്തിയെടുത്ത വൃക്കകള്‍ക്ക് അര സെന്റീമീറ്റര്‍ വലിപ്പമാണുള്ളത്. അതായത്, ഒരു ഭ്രൂണത്തില്‍ കാണുന്ന വൃക്കയുടെയത്ര വലിപ്പം. ഇത് മനുഷ്യ ശരീരത്തിലേക്ക് മാറ്റിവച്ചാല്‍ പൂര്‍ണ വളര്‍ച്ചയെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

ഗര്‍ഭപാത്രത്തില്‍ കുട്ടികളെ പൊതിഞ്ഞ് കാണപ്പെടുന്ന അമിനോറ്റിക് ഫ്ലൂയിഡിലെ കോശങ്ങളില്‍ നിന്നും മൃഗങ്ങളുടെ ഭ്രൂണകോശങ്ങളില്‍ നിന്നും ആണ് ഗവേഷകര്‍ കിഡ്നികള്‍ വളര്‍ത്തിയെടുത്തത്. ഗവേഷകരുടെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ അമിനോറ്റിക് ഫ്ലൂ‍യിഡ് ശേഖരിച്ചു വച്ചിരുന്നാല്‍, ഭാവിയില്‍ വൃക്കരോഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പുതിയ വൃക്കകള്‍ വളര്‍ത്തിയെടുത്ത് രോഗാവസ്ഥയെ മറികടക്കാനാവും.

വെബ്ദുനിയ വായിക്കുക