മരുന്നുകള്‍ കടലില്‍ നിന്ന്

ശനി, 28 ഫെബ്രുവരി 2009 (19:31 IST)
ജൈവ സാങ്കേതികവിദ്യ വ്യത്യസ്തമായ ഒരു കുതിച്ചുചാട്ടത്തിനരികിലാണ്. കടലിലെ ബാക്ടീരിയകളില്‍ നിന്ന് ആന്‍റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കാമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ബെര്‍ഗന്‍ സര്‍വകലാശാലയും നോര്‍വേയിലെ സിന്‍റെഫ് ഗവേഷണ ഗ്രൂപ്പുമാണ് കടലിലെ ബാക്ടീരിയകള്‍ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത്.

അര്‍ബുദ സെല്ലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള 11 തരത്തിലുള്ള കടല്‍ ബാക്ടീരിയകള്‍ കണ്ടെത്തിയതായി സംഘം അവകാശപ്പെട്ടു. പുതിയ ആന്‍റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കാവുന്ന മറ്റ് മൂന്ന് ബാക്ടീരിയകളെയും കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ബാക്ടീരിയകളും ഉപയോഗിച്ച് മരുന്നുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതില്‍ ഒന്നോ രണ്ടോ എണ്ണത്തില്‍ മാത്രമാണ് തങ്ങള്‍ക്ക് വിജയിക്കാനായത്. എങ്കിലും അതില്‍ സന്തോഷമുണ്ടെന്ന് സംഘത്തെ നയിച്ച ശാസ്ത്രജ്ഞന്‍ പ്രൊഫ. സെര്‍ജി ഷോചെവ് പറഞ്ഞു.

വയര്‍, വന്‍‌കുടല്‍, മൂത്രസഞ്ചി എന്നിവിടങ്ങളിലെ അര്‍ബുദത്തെ പ്രതിരോധിക്കാവുന്ന മരുന്നുകള്‍ നിര്‍മ്മിക്കാവുന്നവയാണ് കണ്ടെത്തിയ 11 ബാക്ടീരിയകളും. മനുഷ്യ ശരീരത്തിലുണ്ടാകുന്ന അണുബാധയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്‍റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍.

വെബ്ദുനിയ വായിക്കുക