ദേഷ്യമോ? പ്രശ്നക്കാരനെ കണ്ടെത്തി

വെള്ളി, 6 ജൂണ്‍ 2008 (19:07 IST)
PTIPTI
പെട്ടെന്ന് ദേഷ്യം പിടിക്കുന്ന ചിലരുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം പിടിക്കുന്നത് കൊണ്ട് ഇവരുമായി ഇടപെടാന്‍ മറ്റുളളവര്‍ മടിക്കുന്നതും സാധാരണമാണ്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?

മസ്തിഷ്കത്തിലെ രാസവസ്തുവായ സെരോടോണിന്‍ ആണ് വില്ലന്‍. മനുഷ്യരുടെ വികാരങ്ങള്‍ നിയന്ത്രിക്കുന്ന ഈ രാ‍സവസ്തു ആണ് ഞരമ്പുകള്‍ക്ക് സിഗ്നലുകള്‍ നല്‍കുന്നത്. സെരോടോണിന്‍റെ സ്വാധീനമാണ് ദേഷ്യവും മറ്റും കൂടുന്നതിനും കുറയുന്നതിനുമൊക്കെ ഇടയാക്കുന്നതെന്ന് ബ്രിട്ടനിലെ ഗവേഷകര്‍ പറയുന്നു.

സെരോടിണിന്‍റെ സ്വാധീനവും ആള്‍ക്കാരുടെ പെരുമാറ്റത്തില്‍ ഈ രാസവസ്തു ഉണ്ടാക്കുന്ന മാറ്റവും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞയായ മോളി ക്രോക്കെറ്റും സംഘവും പഠനവിധേയമാക്കിയിരുന്നു. ഇതില്‍ നിന്നാണ് ഈ രാസവസ്തു ആള്‍ക്കാരുടെ വികാരങ്ങള്‍ നിയന്ത്രിക്കുനതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തമായത്.

വിശപ്പ് കൂടുമ്പോള്‍ എന്ത് കൊണ്ടാണ് ചിലര്‍ ദേഷ്യം പ്രകടിപ്പിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായി. സെരോടിനിന്‍ ഉല്പാദിപ്പിക്കുന്നതിനുളള അമീനോ ആസിഡുകള്‍ ഭക്ഷണത്തിലൂടെ മാത്രമേ ലഭ്യമാകൂ എന്നതിനാലാണിത്.

വിഷാദം, ആശങ്ക തുടങ്ങിയ പരാതികളുമായി വരുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാ‍ര്‍ക്ക് ഈ പഠനം സഹായകമാകുമെന്ന് കരുതുന്നു. തീരുമാനമെടുക്കുമ്പോഴും മറ്റും വികാരങ്ങളെ നിയന്ത്രിക്കാന്‍ ഉപായം പറഞ്ഞ് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും എന്നതിനാലാണിത്.

വെബ്ദുനിയ വായിക്കുക