സന്തോഷ് ട്രോഫി ആര്‍ക്ക് ?; തുറന്നു പറഞ്ഞ് സികെ വിനീത്

വെള്ളി, 30 മാര്‍ച്ച് 2018 (18:02 IST)
കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയിൽ കേരളം തന്നെ കപ്പുയർത്തുമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. കേരളം ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത് എറ്റവും മികച്ച പ്രകടനമാണ്. അതിനാൽ ആരുതന്നെ എതിരാളികളായി വന്നാലും കേരളത്തിന് വിജയം സുനിശ്ചിതമാണെന്നും വിനീത് പറയുന്നു.
 
ഒരുകാലത്ത് മലയാളികൾ ആവേശത്തോടെ കണ്ടിരുന്ന ടൂർണമെന്റാണ് ഇത്. സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും മലയാള മനോരമയ്‌ക്ക് നല്‍കിയ അഭിമുഖത്തിൽ വിനീത് വ്യക്തമാക്കി. 
 
മിസോറാമിനെ പരാജയപ്പെടുത്തി കേരളം ഫൈനലില്‍ ബര്‍ത്ത് ഉറപ്പിച്ചതിന് പിന്നാലെയാണ് ഇത്തവണ കപ്പുയര്‍ത്തുക കേരളമാണെന്ന് വിനീത് പറഞ്ഞത്. 
 
2005ൽ ഡൽഹിയിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിലാണ് കേരളം അവസാനമായി കിരീടം നേടുന്നത്. അന്ന് പഞ്ചാബിനെ 3-2 പരാജയപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. 2012ലാണ് കേരളം ഇതിനു മുമ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. അന്ന് സർവ്വീസസ്സുമായി പെനാൽറ്റിയിൽ തോൽക്കുകയായിരുന്നു. 
 
സന്തോഷ് ട്രോഫി സെമി മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മിസോറാമിനെ പരാ‍ജയപ്പെടുത്തിയത്. കേരളത്തിനായി അഫ്ദലാണ് ഗോള്‍ നേടിയത്. ഫൈനൽ മത്സരത്തിൽ ശക്തരായ ബംഗാളിനെയാണ് കേരളം നേരിടുക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍