Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

രേണുക വേണു

വ്യാഴം, 16 മെയ് 2024 (11:30 IST)
Sunil Chhetri: ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഛേത്രി തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ കൂടിയാണ് ഛേത്രി. 
 
ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രിയുടെ പ്രഖ്യാപനം. ഇന്ത്യക്കായി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ ഛേത്രി 39-ാം വയസ്സിലാണ് വിരമിക്കുന്നത്. 
 
2005 ജൂണ്‍ 12-ന് പാക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം.
 
' രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചു. നല്ലതും മോശവുമായി അനുഭവങ്ങള്‍ ഉണ്ട്. അതിനാല്‍ കളി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് ഞാനെത്തി. അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു,' എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ ഛേത്രി പറയുന്നു. വിരമിക്കല്‍ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും വീട്ടുകാരുമായി ഇതേ കുറിച്ച് സംസാരിച്ചെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍