കഴിഞ്ഞുപോയത് എന്റെ അവസാന ലോകകപ്പ്, ഇനിയൊരു ലോകകപ്പിനില്ല: മെസ്സി

ബുധന്‍, 14 ജൂണ്‍ 2023 (17:16 IST)
ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരുന്നുവെന്ന് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ചൈനയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇനിയൊരു ലോകകപ്പ് കൂടി അര്‍ജന്റീനയ്ക്കായി കളിക്കാനുള്ള സാധ്യതകളെ മെസ്സി തള്ളികളഞ്ഞത്. എനിക്ക് ഇനിയൊരു ലോകകപ്പില്‍ കളിക്കാനാകുമെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ ഞാനെന്റെ മനസ്സ് മാറ്റിയിട്ടില്ല. ടീമിനൊപ്പം ഉണ്ടാവില്ലെങ്കിലും അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണാന്‍ ഞാന്‍ അവിടെയുണ്ടാകും മെസ്സി പറഞ്ഞു.
 
2022ലെ ലോകകിരീടം നേടിയതോടെ മെസ്സി ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന അഭ്യൂഹം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. അടുത്ത ലോകകപ്പിലും മെസ്സിക്ക് ടീമിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്ന് അര്‍ജന്റീനയിലെ സഹതാരങ്ങളും പരിശീലകനും പരസ്യമായി പറയുമ്പോഴും ഇനിയൊരു ലോകകപ്പിനില്ലെന്ന് തന്നെയാണ് മെസ്സി വ്യക്തമാക്കുന്നത്. അടുത്ത ലോകകപ്പില്‍ മെസ്സി കളിക്കില്ലെന്ന് തീരുമാനിച്ചതോടെ വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിലാകും മെസ്സി അവസാനമായി അര്‍ജന്റീനയ്ക്കായി കളിക്കുക. അമേരിക്കയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെസ്സി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് മാറിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍