സ്വന്തം പാളയത്തിൽ ഒറ്റപ്പെട്ട് മടക്കം, ഇങ്ങനെയൊരു അവസാനമായിരുന്നില്ല റൊണാൾഡോ അർഹിച്ചത്

ഞായര്‍, 11 ഡിസം‌ബര്‍ 2022 (14:01 IST)
ലോകഫുട്ബോൾ ഏറെക്കാലമായി മെസ്സി- ക്രിസ്റ്റ്യാനോ എന്ന രണ്ടുപേർക്കും ചുറ്റുമായാണ് കറങ്ങുന്നത്. നീണ്ട 20 വർഷക്കാല കാലഘട്ടത്തിൽ വളരെ ചുരുക്കം താരങ്ങളാണ് ഏതെങ്കിലും വർഷത്തിൽ ഇരുവരേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ക്ലബ് ഫുട്ബോളിൽ മറ്റ് താരങ്ങൾക്ക് സ്വപ്നം പോലും കാണാനാവാത്ത നേട്ടങ്ങൾ ഇരുവരും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ദേശീയടീമിന് വലിയ കിരീടനേട്ടങ്ങൾ നേടികൊടുക്കാൻ ഇരുവർക്കുമായിട്ടില്ല.
 
തങ്ങളുടെ പ്രതാപകാലം കഴിഞ്ഞ് കരിയറിൻ്റെ അസ്തമയഘട്ടത്തിലാണ് ഇരുതാരങ്ങളും. 37 വയസുണ്ടെങ്കിലും ആരെയും അസൂയപ്പെടുത്തുന്ന ഫിറ്റ്നസുള്ള ക്രിസ്റ്റ്യാനോ ഇന്നും ഗോൾമുഖത്ത് വലിയ അപകടങ്ങൾ വിതയ്ക്കാൻ പ്രാപ്തനാണ്. മെസ്സിയാണെങ്കിൽ തൻ്റെ പ്രതാപകാലത്തെ അനുസ്മരിച്ചാണ് ലോകകപ്പിൽ പന്ത് തട്ടുന്നത്.
 
ലോകകപ്പിൻ്റെ കാര്യം പരിഗണിക്കുകയാണെങ്കിൽ അർജൻ്റീന മെസ്സി എന്ന താരത്തെ ചുറ്റിപറ്റിയാണ് തന്ത്രങ്ങൾ മെനയുന്നതെങ്കിൽ ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ 2 നിർണായകമത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടാൻ പോലും സാധിച്ചില്ല. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാൾക്ക് ടീമംഗങ്ങളിൽ നിന്ന് പോലും അർഹിച്ച ബഹുമാനം ലഭിക്കുന്നില്ല എന്നത് ആരാധകരെ ഏറെ വേദനപ്പെടുത്തുന്നു.
 
മറുഭാഗത്ത് മെസ്സിയും പിള്ളേരും എന്ന നിലയിലാണ് അർജൻ്റീന കൊണ്ടാടപ്പെടുന്നത്. ടീമംഗങ്ങൾ മെസ്സിയ്ക്ക് ചുറ്റും അണിനിരക്കുന്നതും. കളിക്കളത്തിൽ പ്രശ്നങ്ങൾ സംഭവിച്ചാൽ സഹതാരങ്ങളെല്ലാം ഒത്തുകൂടുന്നതും മെസ്സിയെ സംബന്ധിച്ച് വളരെ സ്വഭാവികമാണ്. അതേസമയം പകരക്കാരൻ്റെ ബെഞ്ചിൽ ഇരിക്കുന്ന റോണോയുടെ ചിത്രം ഏതൊരു ഫുട്ബോൾ ആരാധകൻ്റെയും ഉള്ളുലയ്ക്കുന്നതാണ്.
 
ക്വാർട്ടർ ഫൈനലിൽ മൊറോയ്ക്കൊക്കെതിരെ ഒരു ഗോൾ തോൽവിയുമായി റൊണോൾഡോ ഹൃദയം തകർന്ന് മടങ്ങുമ്പോഴും അയാൾ തനിച്ചായിരുന്നു. സ്വന്തം ടീമംഗങ്ങൾ അയാൾക്കും ചുറ്റും ഒത്തുകൂടാനുണ്ടയിരുന്നില്ല. അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളാണ് ഒടുവിൽ റോണോയ്ക്ക് തൊട്ടരുകിൽ എത്തിയത്. കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമില്‍ നിന്ന് ഒരാളെ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് കണ്ടില്ല. ഒടുവില്‍ കരച്ചില്‍ നിയന്ത്രിക്കാനാകാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം താരം മടങ്ങുകയായിരുന്നു.
 
യൂറോകപ്പിലും നേഷൻസ് കപ്പിലും ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച, പോർച്ചുഗലിന് ലോകമെങ്ങും വലിയ ഒരു ആരാധക പട തന്നെയുണ്ടാക്കിയ ടീമിൻ്റെ അമരക്കാരൻ ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിലെ മടക്കമായിരുന്നില്ല അർഹിച്ചിരുന്നത്. അതിലുമേറെ വേദനപ്പെടുത്തുന്നത് സ്വന്തം ടീമിൽ അയാളുടെ മഹത്വമറിയുന്ന അയാളെ ബഹുമാനിക്കുന്ന സഹതാരങ്ങളെ കാണാനായില്ല എന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍