കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പരിശീലനം. നാളത്തെ ആദ്യ ഹോം മാച്ചിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് മുഖ്യപരിശീലകൻ സ്റ്റീവ് കൊപ്പൽ ആണ്. രാവിലെ തന്നെ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഈ സീസണിൽ ഇതാദ്യമായാണു ടീം പരിശീലനത്തിനായി കൊച്ചി മൈതാനത്തിറങ്ങുന്നത്. ടീം ക്യാംപ് തിരുവനന്തപുരത്തായിരുന്നു.
അത്ലറ്റിക്കോ ഡി കൊൽക്കത്തയാണു ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ എതിരാളികൾ. ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ഹോസു പ്രീറ്റോയ്ക്ക് അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങാനാകും. കൊച്ചിയിലെ ആരാധകർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത മൂന്നു മത്സരങ്ങളും കൊച്ചിയിൽ കളിക്കാനാകുമെന്നതും ബ്ലാസ്റ്റേഴ്സിനു മുൻതൂക്കം നൽകുന്നു.