ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; എഫ്‌സി ഗോവ എതിരാളികള്‍
ചൊവ്വ, 8 നവംബര്‍ 2016 (11:01 IST)
ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ എഫ്‌സി ഗോവയാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരം വൈകിട്ട് ഏഴിന്. എട്ടു മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
നായകനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസും, ഹെയ്തി താരം ഡെങ്കണ്‍ നാസണുമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. അതേസമയം ഗോവന്‍ താരങ്ങളുടെ പരിക്കാണ് അവര്‍ക്ക് ഭീഷണിയാകുന്നത്. പരിക്കേറ്റ ഗോവയുടെ മാര്‍ക്വീ താരം ലൂസിയോ, റെയ്‌നാള്‍ഡോ എന്നിവരുള്‍പ്പെടെയുള്ള നാലു താരങ്ങള്‍ ഇന്നു കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
എട്ടു മത്സരത്തില്‍ നിന്ന് രണ്ട് വിജയവും മൂന്നു സമനിലയും മൂന്നു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഇന്നത്തെ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചാല്‍ 12 പോയിന്റുമായി അവര്‍ നാലാം സ്ഥാനത്തെത്തും. അതേസമയം ഗോവയാണ് ജയിക്കുന്നതെങ്കില്‍ ഏറ്റവും പിന്നില്‍ നിന്നും അവര്‍ 10 പോയന്റുമായി ആറാം സ്ഥാനത്തെത്തുകയും ചെയ്യും.