ഈ സാഹചര്യത്തില്‍ നിന്നിട്ട് കാര്യമില്ല; ടോറസ് അത്ലറ്റിക്കോ വിടാനൊരുങ്ങുന്നു - തടയില്ലെന്ന് പരിശീലകന്
വെള്ളി, 23 ഫെബ്രുവരി 2018 (12:58 IST)
അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ താരം ഫെർണാണ്ടോ ടോറസ് ക്ലബ്ബ് വിടാനൊരുങ്ങുന്നു. ടീമിലെ സ്ഥാനം സുരക്ഷിതമല്ലാത്തതും ഗോള്‍ വരള്‍ച്ചയുമാണ് സ്പാനിഷ് താരത്തെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
അതേസമയം, ടോറസ് ടീം വിടാന്‍ ഒരുങ്ങിയാല്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കില്ലെന്ന് പരിശീലകൻ ഡിയേഗോ സിമയോണി വ്യക്തമാക്കി.
അന്റോണിയെ ഗ്രീസ്മാന്റെ ശക്തമായ സാന്നിധ്യവും ഡിയേഗോ കോസ്റ്റയും വിറ്റോലോയും ടീമിൽ എത്തിയതുമാണ് ടോറസിനെ അത്ലറ്റിക്കോ വിടാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രീസ്മാനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതു പോലെ ടോറസിനെ നിലനിര്‍ത്താന്‍ ശ്രമിക്കില്ലെന്നും സിമയോണി വ്യക്തമാക്കി.
ഈ സീസണിൽ 27 മത്സരങ്ങളിൽനിന്ന് അഞ്ച് ഗോള്‍ കണ്ടെത്തിയ ടോറസ് കഴിഞ്ഞ വർഷം 45 കളികളിൽ 10 ഗോൾ നേടിയിരുന്നു. ഗ്രീസ്മാന് അടക്കമുള്ള താരങ്ങള്‍ ടീമില്‍ ശക്തരായതോടെയാണ് ടോറസിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് കാരണം.