ബെല്ലാക്കിനു ഫൈനല്‍ ഭൂതം

PROPRO
ജര്‍മ്മന്‍ നായകന്‍ മൈക്കല്‍ ബെല്ലാക്കിനു ഫൈനല്‍ ഭൂതമാണ് പ്രധാന പ്രശ്‌നം. ജര്‍മ്മന്‍ ടീമിനെ നയിച്ച പ്രധാന രാജ്യാന്തര ടൂര്‍ണമെന്‍റിലെ കലാശക്കളികളില്‍ എല്ലാം തന്നെ വിജയം ബല്ലാക്കില്‍ നിന്നും അകന്നു നിന്നു. യൂറോയിലും സ്ഥിതി വിഭിന്നമല്ലായിരുന്നു. ഫൈനലില്‍ സ്പെയിനോട് ഏക ഗോളിനു ബെല്ലാക്കും സംഘവും പരാജയപ്പെട്ടു.

ഫെര്‍ണാണ്ടോ ടോറസ് മുപ്പത്തിമൂന്നാം മിനിറ്റില്‍ നേടിയ ഗോളായിരുന്നു ജര്‍മ്മന്‍ ടീമിനെ പരാജയത്തിലെക്ക് നയിച്ചത്.
ഈ സീസണില്‍ തന്നെ ഇത് മൂന്നാം ഫൈനല്‍ തോല്‍വിയായിരുന്നു ജര്‍മ്മന്‍ നായകന്. യുവേഫാ ചാമ്പ്യന്‍‌സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍‌സിക്കൊപ്പം കളിച്ച ജര്‍മ്മന്‍ താരം ഫൈനലില്‍ പ്രീമിയര്‍ ലീഗ് എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടു. പ്രീമിയര്‍ ലീഗിലും ചെല്‍‌സിയുടെ വിധിക്ക് മാറ്റമില്ലായിരുന്നു.

മാഞ്ചസ്റ്ററായിരുന്നു അവിടെയും വില്ലന്‍. ഇതിനു പുറമെ എഫ് എ കപ്പിലും ജര്‍മ്മന്‍ നായകന്‍റെ ടീം ഫൈനലില്‍ പരാജയപ്പെട്ടു. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് ഫുട്ബോളിലും ജര്‍മ്മന്‍ നായകന്‍റെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്ത ജര്‍മ്മനി സെമി ഫൈനലില്‍ പരാജയപ്പെട്ട് മൂന്നാം സ്ഥാനക്കാരായി മാറി.

അതേ സമയം ടൂര്‍ണമെന്‍റിലെ മികച്ച താരങ്ങളില്‍ ഒരാളായ ഫെര്‍ണാണ്ടോ ടോറസിനു പുതിയ സീസണിന്‍റെ തുടക്കം തന്നെ നേട്ടത്തിന്‍റെതായി. യൂറോ കപ്പിലെ നിര്‍ണ്ണായക ഗോള്‍ കണ്ടെത്തിയ ടോറസ് ലിവര്‍പൂളിന്‍റെ മുന്നേറ്റക്കാരനാണ്. കഴിഞ്ഞ സീസണില്‍ 24 പ്രീമിയര്‍ ലീഗ് ഗോളുകളാണ് സ്പാനിഷ് താരം കണ്ടെത്തിയത്. 1964 ല്‍ മാഡ്രിഡില്‍ വച്ച് സോവ്യറ്റു യൂണിയനെ തകര്‍ത്തതിനു 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പെയിന്‍ വീണ്ടും കിരീടം ചൂടുന്നത്.

അതേ സമയം 35,000 ഓളം വരുന്ന സ്പാനിഷ് ആരാധകര്‍ ടീമിന്‍റെ യൂറോപ്യന്‍ വിജയം ആഘോഷമാക്കി. മാഡ്രിഡിലെ കൊളോണ്‍ സ്ക്വയര്‍ ആരാധകര്‍ കയ്യടക്കി. കരിമരുന്നു പ്രയോഗങ്ങളും വാഹനങ്ങളുടെ ഹോണ്‍ മുഴക്കലും കൊണ്ട് ശബ്ദ മുഖരിതമായിരുന്നു ജ്സ്പാനിഷ് തലസ്ഥാനം. അതേ സമയം ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ശ്മശാന മൂകതയും.

വെബ്ദുനിയ വായിക്കുക