പ്രധാന താരങ്ങളെയെല്ലാം പുതിയ സീസണില്‍ നഷ്ടമായ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ടോട്ടന്‍ ഹാം ഹോട്സ്പര്‍ സ്വന്തം വഴി തേടുന്നു. യുവേഫാ കപ്പിലെയും യൂറോപ്യന്‍ കപ്പിലെയും താരോദയങ്ങളില്‍ ഒന്നായ റഷ്യന്‍ താരം പാവ്‌ലോ ചെങ്കോയെ സ്വന്തം നിരയില്‍ എത്തിക്കുന്നതിനാണ് ടോട്ടന്‍ ഹാം ശ്രമിച്ചു വരുന്നത്.
സ്പാര്‍ട്ടാ മോസ്‌ക്കോയുടെ വമ്പന്‍ താരങ്ങളില്‍ പെടുന്ന പാവ്‌ലോ ചെങ്കോയെ സ്വന്തമാക്കുന്നതിനായുള്ള ചര്‍ച്ചയിലാണ് ടോട്ടന്‍ ഹാമെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച 26 കാരനായ താരത്തിന്‍റെ പ്രതിനിധികള്‍ ലണ്ടനില്‍ എത്തിയിരുന്നു. എന്നാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.
യൂറോകപ്പില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ പാവ്‌ലോ ചെങ്കോയ്‌ക്കായി 15 ദശലക്ഷം ഡോളറാണ് വിലമതിക്കുന്നത്. റഷ്യന്‍ ടീമില്‍ ഒപ്പം കളിക്കുന്ന ആന്ദ്രേ അര്‍ഷാവിനെയും സ്വന്തം നിരയില്‍ എത്തിക്കാന്‍ ടോട്ടന്‍ ഹാം ശ്രമിക്കുന്നുണ്ട്. അര്‍ഷാവിന്‍റെ ക്ലബ്ബ് സെനിറ്റുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ഇരിക്കുകയാണ് ടോട്ടന്‍ ഹാം.
ഈ സീസണില്‍ നായകന്‍ അയര്‍ലണ്ട് താരം റോബി കീനെ നഷ്ടമായ ടോട്ടന്‍ ഹാമിനു ഏറെ താമസിയാതെ തന്നെ ബള്‍ഗേറിയന്‍ താരം ദിമിത്രി ബെര്‍ബെറ്റോവിനെയും നഷ്ടമാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബെര്‍ബറ്റോവുമായി കരാറില്‍ എത്താന്‍ കാത്തിരിക്കുകയാണ്.
അതെ സമയം ടോട്ടന്‍ ഹാമിന്‍റെ മാനെജര്‍ ജുണ്ടേ റാമോസ് മെക്സിന്‍ കൌമാരക്കാരന്‍ ജിയോവാന്നി ഡോസ് സാന്‍റോസ്, ക്രൊയേഷ്യന്‍ മദ്ധ്യനിര താരം ലൂക്കാ മോഡ്രൊക്, ബ്ലാക്ക് ബേണിന്‍റെ ഡെവിഡ് ബെന്‍റിലി , ഗോള്‍ കീപ്പര്‍ ഹുറേലോ ഗോമസ് എന്നിവരെ നിരയില്‍ എത്തിച്ഛിരിക്കുകയാണ്.