2020: "ഇർഫാൻ ഖാൻ, റിഷി കപൂർ,സുശാന്ത്,സൗമിത്ര ചാറ്റർജി" ഇന്ത്യൻ സിനിമാലോകത്തിന് തീരാനഷ്ടം നൽകിയ വർഷം

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:46 IST)
അപ്രതീക്ഷിതമായ ഒട്ടേറെ മരണങ്ങളോടെ ലോകത്തെ ദു:ഖത്തിലാഴ്‌ത്തിയ വർഷമായിരുന്നു 2020. ഫുട്ബോൾ ലോകത്ത് ഇതിഹാസതാരങ്ങളായ മറഡോണയും പൗളോ റോസിയും വിടവാങ്ങിയത് 2020ൽ. ക്രിക്കറ്റ് ലോകത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡീൻ ജോൺസിന്റെ മരണം. ഇത്തരത്തിൽ അപ്രതീക്ഷിതമായ വേർപാടുകൾ 2020 ഇന്ത്യൻ സിനിമയ്ക്കും സമ്മാനിക്കുകയുണ്ടായി.
 
ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ സജീവമായിരുന്ന പ്രിയതാരം ഇർഫാൻ ഖാന്റെ മരണമായിരുന്നു ആദ്യം ബോളിവുഡിനെയും ഇന്ത്യ സിനിമാലോകത്തെയും ഞെട്ടിച്ചത്. 53 വയസുള്ള ഇർഫാൻ അർബുദബാധിതനായി മുംബൈയില്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം നേടിയ അഭിനേതാവായിരുന്നു.
 
ഒരു ഏപ്രിൽ 29നായിരുന്നു ഇർഫാൻ ഖാന്റെ മരണമെങ്കിൽ അടുത്ത ദിവസം തന്നെ മറ്റൊരു വിയോഗവാർത്ത തന്നുകൊണ്ടാണ് 2020 വീണ്ടും ഞെട്ടിച്ചത്.പ്രമുഖ ബോളിവുഡ് താരമായ റിഷി കപൂറായിരുന്നു ഇത്തവണ മരണത്തിന് കീഴടങ്ങിയത്. 67 വയസായിരുന്നു. 
 
അതേസമയം ബോളിവുഡിനെ ആകെ പിടിച്ചുലച്ച മരണമായിരുന്നു സുശാന്ത് സിംഗ് രാജ്‌പുത്തിന്റേത്.ചിച്ചോർ അടക്കമുള്ള വിജയ ചിത്രങ്ങളിൽ വേഷമിട്ട് നിൽക്കുന്ന അവസ്ഥയിലാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് സുശാന്തിന്റെ മരണവാർത്തയെത്തിയത്.ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന തരത്തിൽ സുശാന്തിന്റെ മരണം വാർത്തയായി. മരണം ദുരൂഹമാണെന്നും സിനിമയിൽ നിലനിൽക്കുന്ന സ്വജനപക്ഷവാതത്തിന്റെ ഇരയാണ് സുശാന്തെന്നുമുള്ള വലിയ രീതിയിലുള്ള ചർച്ചകൾക്കും ബിഹാർ രാഷ്ട്രീയത്തിലും സുശാന്തിന്റെ മരണം കാരണമായി.
 
ഇന്ത്യൻ സിനിമയെ ലോകത്തിന്റെ മുന്നിൽ തലയുയർത്താൻ പ്രാപ്‌തനാക്കിയ സത്യജിത് റേയുടെ സിനിമകളിലൂടെ ഇന്ത്യയിലെ മികച്ച നടൻ എന്ന് പേരെടുത്ത സൗമിത്ര ചാറ്റർജിയും നമ്മെ വിട്ടുപോയത് 2020ൽ തന്നെയായിരുന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായി പരിഗണിക്കുന്ന സൗമിത്ര ചാറ്റർജി സത്യജിത് റേയുടെ 14 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച സൗമിത്ര ചാറ്റർജി ദേശീയ അവാർഡുകളടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍