‘ഒരവസരം കൂടി തരൂ’ - എംടിയോട് ശ്രീകുമാർ മേനോൻ, രണ്ടാമൂഴത്തിൽ ഉഴറി സംവിധായകനും നിർമാതാവും!

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (10:34 IST)
മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന് പ്രഖ്യാപിച്ച രണ്ടാമൂഴം ഇപ്പോൾ പ്രതിസന്ധിയിലാണ്. ആര് സംവിധാനം ചെയ്യുമെന്ന് ഉറപ്പില്ലാതെ നിർമാതാവും തിരക്കഥ തിരിച്ച് കിട്ടാൻ കോടതിയിൽ ഹർജി നൽകിയിരിക്കുന്ന എം ടി വാസുദേവൻ നായരും ഇതിനിടയിൽ എം ടിയോട് മാപ്പ് പറയാൻ കാത്തിരിക്കുന്ന സംവിധായകൻ ശ്രീകുമാർ മേനോനും. ഇതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
 
കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയാണ് സംവിധായകനിപ്പോൾ. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ കാണാന്‍ പോയിട്ടില്ലെന്നും ഒടിയന്റെ തിരക്കിലായിരുന്നുവെന്നും ശ്രീകുമാർ മേനോൻ മനോരമ ന്യൂസിനോട് പറഞ്ഞു.
 
എംടിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എം.ടി.വാസുദേവൻ നായരെ അനുനയിപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ എത്തിയെങ്കിലും എഴുത്തുകാരന്‍ വഴങ്ങിയില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളോടാണ് ശ്രീകുമാര്‍ മോനോന്‍റെ പ്രതികരണം. 
 
നൽകിയ കാലവധി തെറ്റിച്ചതോടെ രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര് വെളിപ്പെടുത്തിയിരുന്നു‍. പക്ഷേ, സിനിമ നടക്കുമെന്നും എം ടിയെ നേരിൽ കണ്ട് മാപ്പ് ചോദിക്കുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, ഹർജി നൽകിയിട്ട് 5 ദിവസം ആയെങ്കിലും ഇതുവരെയായിട്ടും ശ്രീകുമാർ മേനോന് എം ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാത്തത് എന്താണെന്നും എം ടി പറഞ്ഞത് പോലെ ‘സിനിമ പെട്ടന്ന് ഒരുക്കണമെന്ന തിടുക്കം’ സംവിധായകനില്ലെന്ന് വ്യക്തമാവുകയാണ്.
 
വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്നമല്ല എന്നായിരുന്നു നിർമാതാവ് നൽകിയ മറുപടി. വി.എ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് ”അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല” എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെട്ടി ഇങ്ങനെ പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍