കുഞ്ഞാലി മരയ്ക്കാറുടെ പാതയിലൂടെ ഈ ആഷിഖ് അബു ചിത്രവും?

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (11:54 IST)
ഒരേ പ്രമേയം രണ്ട് പേർ സിനിമയാക്കാൻ ഉദ്ദേശിക്കുന്നത് പുതുമയുള്ള കാര്യമല്ല. പലപ്പോഴും സംഭവിക്കാറുണ്ട്. ചിലർ പിന്മാറും ചിലപ്പോൾ രണ്ട് പേരും ഒരേ പ്രൊജക്ടുമായി മുന്നോട്ട് പോകും. അതിൽ അടുത്തിടെ കേട്ടത് കുഞ്ഞാലി മരയ്ക്കാറുടെ കഥ രണ്ട് പേർ സിനിമയാക്കുന്നു എന്നതായിരുന്നു. മമ്മൂട്ടി, മോഹൻലാൽ നായകന്മാർ ആകുന്ന രണ്ട് ചിത്രവും ഉടനെ സംഭവിക്കും. 
 
ഇതുപോലെ തന്നെ ആയിരിക്കുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസും’. നിപ്പ വൈറസ് പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. പക്ഷേ, ആഷിഖിന് മുന്നേ ഇതേ പ്രമേയത്തിൽ ‘രൌദ്രം’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത് ജയരാജ് ആണ്.   
 
ആഷിഖ് അതേ പ്രേമയവുമായി ഒരുപാട് മുന്നിൽ പോയിരിക്കുന്നു. അതിനാൽ താൻ രൌദ്രം ഉപേക്ഷിക്കുകയാണെന്ന് ജയരാജ് പറയുന്നു. ഒരുപക്ഷേ എന്നേക്കാള്‍ മുമ്പേ ഈ സിനിമയുടെ പ്ലാനിങ് അവര്‍ തുടങ്ങിയിട്ടുണ്ടാകണം. എന്നേക്കാൾ നന്നായിട്ട് ആഷിഖിന് ഇത് ചെയ്യാൻ കഴിയുമെന്നും ജയരാജ് പറയുന്നു.
 
കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് അങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക.
 
നിപ്പാ വൈറസ് ബാധയില്‍ മലയാളികളെ കണ്ണീരണിയച്ച വാർത്തയിൽ ഒന്നായിരുന്നു സിസ്റ്റർ ലിനിയുടെ മരണം. ഭര്‍ത്താവിനേയും രണ്ട് കുഞ്ഞുങ്ങളേയും ബാക്കി നിര്‍ത്തിയാണ് ലിനി യാത്രയായത്. സ്വാഭാവികമായും സിസ്റ്റര്‍ ലിനി തന്നെ ആയിരിക്കും ഈ സിനിമയിലും ഒരു പ്രധാന കഥാപാത്രം.
 
സിനിമയില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കല്‍ ആയിരിക്കും എന്നാണ് ആഷിക് അബു അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വേഷം രേവതി ആയിരിക്കും ചെയ്യുക. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
 
ഒ പി എമ്മിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍