അമ്മയും ഡബ്ല്യുസിസിയും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക്; ഇടപെടല്‍ ശക്തമാക്കി ഹൈക്കോടതി
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്ക് നിര്‍ദേശവുമായി ഹൈക്കോടതി. വനിതാ കൂട്ടയ്‌മയായ ഡബ്ല്യുസിസിയുടെ ഹർജിയിലാണ് കോടതിയുടെ നിര്‍ദേശം.
സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വിഷയത്തില്‍ തിങ്കളാഴ്‌ചയ്‌ക്കകം മറുപടി നൽകാനാണ് അമ്മയ്‌ക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അമ്മയിൽ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി അംഗങ്ങളായ റിമാ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.
ആഭ്യന്തര പരിഹാര സമിതിയിലുള്ള മൂന്നംഗങ്ങളും സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും പുറത്തു നിന്നുള്ള അംഗം വേണമെന്ന ആവശ്യം അമ്മ പാലിച്ചില്ലെന്നുമാണ് ഡബ്ല്യുസിസി ഹര്‍ജിയില്‍ പറയുന്നത്.