അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ സീത എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സിനിമ സീരിയൽ നടിയാണ് സ്വാസിക. സിനിമയായിരുന്നു തന്റെ സ്വപ്‌നമെന്ന് സ്വാസിക പറയുകയാണ്.
എന്നാൽ സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നാണ് സ്വാസിക പറയുന്നത്. 'സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് 'വൈഗൈ' എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പിന്നീട് തമിഴില്‍ മൂന്ന് സിനിമകള്‍ കൂടി ചെയ്തു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല.
മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനുശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി'- സ്വാസിക പറഞ്ഞു.
സിനിമയോടുള്ള താത്‌പര്യം കൊണ്ടാണ് പഠിത്തം പോലും ഉപേക്ഷിച്ച് സിനിമാ രംഗത്തേക്ക് വന്നത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല എന്ന് തോന്നിയതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ തുടങ്ങി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നൽ.