ശ്രീനിവാസന്‍ പറയുന്നത് നുണ, അന്ന് നസീര്‍ സാറിന് വേണ്ടി ലാല്‍ ഒരാളെ അടിച്ചിട്ടുണ്ട്; മറുവാദവുമായി മോഹന്‍ലാല്‍ ആരാധകര്‍
ചൊവ്വ, 4 ഏപ്രില്‍ 2023 (10:56 IST)
മോഹന്‍ലാലിനെതിരെയുള്ള ശ്രീനിവാസന്റെ ചില വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. നസീര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോഹന്‍ലാല്‍ ശ്രമം നടത്തിയിരുന്നെന്ന് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നസീര്‍ സാറിനെ കുറിച്ച് ബഹുമാനമില്ലാത്ത രീതിയില്‍ മോഹന്‍ലാല്‍ സംസാരിച്ചിട്ടുണ്ടെന്നും ഈ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതിനു പിന്നാലെ മോഹന്‍ലാലിന്റെ പഴയൊരു അഭിമുഖം ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ നസീറിനെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന ഭാഗമാണിത്.
ഒരിക്കല്‍ പ്രേം നസീറിനെ ആരോ കളിയാക്കിയപ്പോള്‍ മോഹന്‍ലാല്‍ അയാളുടെ മുഖത്ത് അടിച്ചിട്ടുണ്ടല്ലേ എന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുക. അന്ന് അങ്ങനെ ചെയ്തതിനുള്ള കാരണമാണ് മോഹന്‍ലാല്‍ പറയുന്നത്. ' എത്രയോ നമ്മള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ പറ്റി പറയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നെ കളിയാക്കുകയാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ മിണ്ടാതെ ഇരിക്കും. നസീര്‍ സാറിനെ പോലുള്ള ഒരാളെ ആ സമയത്ത് അങ്ങനെ പറയാന്‍ പാടില്ല,' ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടിയായി മോഹന്‍ലാല്‍ പറയുന്നു.
നസീറിനോട് ഇത്രയും ബഹുമാനമുള്ള മോഹന്‍ലാല്‍ ഒരിക്കലും അദ്ദേഹത്തെ കളിയാക്കി സംസാരിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞത് നുണയാണെന്നുമാണ് മോഹന്‍ലാല്‍ ആരാധകര്‍ വാദിക്കുന്നത്.
പ്രേം നസീര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ പേരില്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേം നസീര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ 'വയസാം കാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ' എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചതെന്ന് ശ്രീനിവാസന്‍ പറയുന്നു.
കടത്തനാടന്‍ അമ്പാടി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പ്രേം നസീര്‍ തനിക്ക് സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് ശ്രീനിവാസനോട് പറയുന്നത്. ' എനിക്കൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒരു നല്ല കഥ വരുമ്പോള്‍ ആലോചിക്കണം. നമുക്കത് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിക്കാം,' എന്നാണ് പ്രേം നസീര്‍ ശ്രീനിവാസനോട് പറഞ്ഞത്. ഇതറിഞ്ഞ മോഹന്‍ലാലിന്റെ പ്രതികരണം എന്തായിരുന്നെന്ന് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നു. ' അറിഞ്ഞോ നസീര്‍ സാറ് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസാംകാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രീനിവാസനെ പ്രകോപിപ്പിച്ചു. 'ലാലിന് ഇഷ്ടമില്ലെങ്കില്‍ അതങ്ങ് നസീര്‍ സാറിനോട് പറഞ്ഞാല്‍ പോരേ' എന്നാണ് ശ്രീനിവാസന്‍ തിരിച്ചുപറഞ്ഞത്. നസീര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലാതിരുന്ന മോഹന്‍ലാല്‍ പിന്നീട് ഈ സിനിമയുടെ നിര്‍മാതാവ് സമീപിച്ചപ്പോള്‍ വാക്ക് മാറ്റി പറഞ്ഞു എന്ന് ശ്രീനിവാസന്‍ പറയുന്നു. ഇതുവരെ കഥയൊന്നും ആയില്ലേ എന്നുപറഞ്ഞ് മോഹന്‍ലാല്‍ നിര്‍മാതാവിനോട് തട്ടിക്കയറി. ഇതുകേട്ട ശ്രീനിവാസന്‍ പിന്നീട് ഒരു കഥ തയ്യാറാക്കി. നിര്‍മാതാവ് ഈ കഥ മോഹന്‍ലാലിനോട് പറഞ്ഞു. ആ കഥയാണ് പിന്നീട് സന്ദേശം എന്ന ചിത്രമായത്.
പിന്നീട് എന്തിനാണ് കഥ പറഞ്ഞതെന്ന് ചോദിച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ വിളിച്ചു. ' ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കണ്ടേ' എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. പിന്നീട് മോഹന്‍ലാലിന്റെ കല്യാണ ദിവസം പ്രേം നസീര്‍ അഡ്വാന്‍സ് നല്‍കി. നസീര്‍ സാറ് നല്‍കിയ ചെക്ക് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് മോഹന്‍ലാലിന് വാങ്ങേണ്ടിവന്നു. വരവേല്‍പ്പ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് അവിചാരിതമായി നസീര്‍ സാറ് മരിക്കുന്നത്. പിറ്റേന്ന് മോഹന്‍ലാലിന്റെ അനുസ്മരണ കുറിപ്പ് പത്രത്തില്‍ ഉണ്ടായിരുന്നു.
' നസീര്‍ സാറ് സംവിധാനം ചെയ്യുന്ന പടത്തില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. അത് നടന്നില്ല. വലിയ വിഷമമുണ്ട്.' എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ താന്‍ മോഹന്‍ലാലിനോട് ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞെന്ന് ശ്രീനിവാസന്‍ പറയുന്നു. ഇതുകേട്ട് മോഹന്‍ലാല്‍ തന്നോട് ക്ഷോഭിച്ചെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി.