സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയായാണ് ലൂസിഫറിനെ വിശേഷിപ്പിക്കുന്നത്. ' സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇടിമിന്നല്‍ പോലെ നിപതിക്കുന്നതു കണ്ടു' എന്ന് ബൈബിള്‍ പുതിയ നിയമത്തിലെ ലൂക്കാ 10:18 ല്‍ പരാമര്‍ശിക്കുന്നത് ലൂസിഫറിനെ കുറിച്ചാണ്. സ്വര്‍ഗത്തില്‍ നിന്ന് വീണ മാലാഖയാണ് സാത്താനായതെന്നാണ് ഇതില്‍ നിന്ന് അര്‍ത്ഥമാക്കുന്നത്. ദൈവത്തേക്കാള്‍ മുകളിലേക്കു വളരാന്‍ ആഗ്രഹിച്ചതാണ് സ്വര്‍ഗത്തില്‍ നിന്ന് ലൂസിഫര്‍ പുറത്താക്കപ്പെടാന്‍ കാരണമെന്ന് വിശ്വാസം.
ലൂസിഫര്‍ സിനിമയിലേക്കു വന്നാല്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ ആദ്യം കാണിക്കുന്നത് ദേവാലയത്തിനുള്ളില്‍ വെച്ചാണ്. വെള്ളയും വെള്ളയും ധരിച്ച് പൂര്‍ണമായി 'പരിശുദ്ധന്‍' എന്ന നിലയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ 'അടിമുടി' കറുപ്പിലാണ് ഈ കഥാപാത്രത്തെ കാണുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം ഖുറേഷി അബ്രാം ആകുന്നുമുണ്ട്. സ്റ്റീഫനില്‍ നിന്ന് ഖുറേഷിയിലേക്കുള്ള മാറ്റത്തെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ലൂസിഫര്‍ എന്ന നിലയിലാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്.
അതേസമയം ദൈവത്തിനു മുകളില്‍ വളരാന്‍ ആഗ്രഹിച്ചതാണ് ലൂസിഫറിന്റെ പതനത്തിനു കാരണമായി ബൈബിളില്‍ പറയുന്നതെങ്കില്‍ സിനിമയിലേക്കു എത്തുമ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളി ഖുറേഷി അബ്രാമിലേക്ക് മാറുന്നത് സാക്ഷാല്‍ 'ദൈവത്തി'നു വേണ്ടിയാണ്, അതായത് പി.കെ.രാംദാസിനു വേണ്ടി. ദൈവത്തിന്റെ രാജ്യത്തിലെ അനീതികള്‍ക്കെതിരെ പടപൊരുതുന്നവനാണ് സിനിമയിലെ 'ലൂസിഫര്‍'.