'സഹസംവിധായകനെ പരസ്യമായി അധിക്ഷേപിച്ചു, തിലകനോട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു': വെളിപ്പെടുത്തലുകളുമായി രഞ്ജിത്ത്

ശനി, 7 ജൂലൈ 2018 (12:03 IST)
താരസംഘടനയായ 'അമ്മ'യിൽ ദിലീഎപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് മലയാള സിനിമയിൽ വിള്ളൽ വീണിരിക്കുകയാണ്. അതേത്തുടർന്നുതന്നെയാണ് മലയാള സിനിമയുടെ പെരുന്തച്ഛൻ തിലകനുമായി ബന്ധപ്പെട്ടുള്ള വിവാദം പിന്നെയും പൊട്ടിമുളച്ചത്. ഇപ്പോൾ സംവിധായകൻ രഞ്ജിത്തിന്റെ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സെറ്റില്‍ വെച്ച് തന്റെ സഹസംവിധായകനെ തിലകന്‍ പരസ്യമായി അധിക്ഷേപിച്ചതു കൊണ്ട് തിലകനോട് ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് വെളിപ്പെടുത്തുന്നു.
 
രഞ്ജിതിന്റെ കുറിപ്പ് –
 
മലയാളസിനിമ ഇന്നോളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍ചേട്ടന്‍. വിടവാങ്ങി ഇത്രവര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ തലപൊക്കിയ സാഹചര്യത്തില്‍ ചിലതെല്ലാം പറയാതെ വയ്യ എന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.
 
കലാകാരന്‍മാര്‍ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്, സംഭവങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്ന രീതിയാണ് അവര്‍ക്ക്. എനിക്ക് അടുത്തറിയാവുന്ന തിലകന്‍ചേട്ടനും സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇത്തരം വൈകാരികസമീപനങ്ങള്‍ കൊണ്ടു സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു എന്നതാണ് എന്റെ അനുഭവം.
 
എന്റെ ഒരു സെറ്റില്‍ െവച്ച് അദ്ദേഹത്തോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന സഹസംവിധായകനെ പരസ്യമായി അധിക്ഷേപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അവിടെനിന്ന് ഒഴിവാക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് ആ സിനിമയുടെ ഡബ്ബിങ്ങിന് അദ്ദേഹത്തെ വിളിച്ചപ്പോള്‍ സംവിധായകനായ ഞാന്‍ സ്റ്റുഡിയോയില്‍ ഇല്ലെങ്കില്‍മാത്രം വരാം എന്നായിരുന്നു പ്രതികരണം. തിലകനെന്ന നടനില്‍ എനിക്ക് പൂര്‍ണവിശ്വാസമുള്ളതുകൊണ്ടുതന്നെ മാറിനില്‍ക്കാന്‍ ഞാന്‍ തയ്യാറായി.
 
പിന്നീട് കാലങ്ങളോളം അദ്ദേഹവുമായി എനിക്ക് ഒരു അടുപ്പവുമുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് സിനിമയിലെ സംഘടനകളുമായി അദ്ദേഹം ഇടയുന്നതും വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതും. എന്നാൽ‍, വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ റുപ്പിയെന്ന സിനിമ തുടങ്ങുമ്പോള്‍ അതിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകനല്ലാതെ മറ്റൊരു നടനും എന്റെ മുന്നിലുണ്ടായിരുന്നില്ല.
 
ഞാന്‍ വിളിച്ചാല്‍ അദ്ദേഹം വരുമോയെന്നൊരു സംശയമുണ്ടായിരുന്നു, നിര്‍മാതാവ് ഷാജിനടേശന്‍ അദ്ദേഹത്തെ നേരില്‍ പോയിക്കണ്ട് ആവശ്യം അറിയിച്ച് ഫോണ്‍ കൊടുക്കുകയായിരുന്നു. ഒരു മടിയും കൂടാതെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ തിലകന്‍ചേട്ടന്‍ വന്ന് ഇന്ത്യന്‍ റുപ്പിയില്‍ ശക്തമായൊരുവേഷം ചെയ്തു. വിലക്കുകള്‍ പ്രശ്‌നമാകുമോയെന്ന സംശയം അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ അദ്ദേഹം ഉന്നയിച്ചിരുന്നു.
 
ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പ് മുംബൈയിലെ ഒരുചടങ്ങില്‍വച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി. ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോള്‍ ഞാന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ചു പറഞ്ഞു. പൃഥ്വീരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകന്‍ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു. ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്നുതന്നെയാണ് അവര്‍ പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നില്ല, അതിനുശേഷം അദ്ദേഹം എന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളില്‍ നിന്ന് എനിക്കോ തിലകന്‍ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍